നവാസ് മേത്തർ
തലശേരി: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഒരിക്കൽ കൂടി “ഇതു കൂടി ആണ്ട്രാ പോലീസ്’ എന്നു തെളിയിച്ചിരിക്കുകയാണ് തലശേരി പോലീസ്.
ലോക്ക് ഡൗണ്‍ വേളയിൽ ഹാർബറുകൾ അടഞ്ഞു കിടക്കുകയും മീൻവില പൊന്നിൻ വിലയായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് തലശേരി പോലീസ് ഞെട്ടിക്കുന്ന രീതിയിലുള്ള കാരുണ്യ പ്രവർത്തനവുമായി അനാഥർക്കും അഗതികൾക്കുമൊപ്പം നിന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ തലശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള അഗതി മന്ദിരങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും സമൂഹ അടുക്കളകളിലേക്കും മിന്നൽ വേഗത്തിൽ പോലീസ് വാഹനമെത്തുന്പോൾ എല്ലാവർക്കും ഞെട്ടലായിരുന്നു.
എന്നാൽ, വാഹനത്തിൽനിന്ന് ആവോലി മത്സ്യം ഈ കേന്ദ്രങ്ങളിലെ അടുക്കളകളിലേക്കിറക്കി വച്ചതോടെ ഞെട്ടൽ അത്ഭുതവും സ്നേഹക്കടലുമായി മാറി.
നാലു ലക്ഷത്തോളം രൂപ വില വരുന്ന മത്സ്യമാണ് തലശേരി സിഐ ജി. ഗോപകുമാർ, പ്രിൻസിപ്പൽ എസ്ഐ എ. അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിവിധയിടങ്ങളിലായി എത്തിച്ചു നൽകിയത്.
മത്സ്യവേട്ട
ലോക്ഡൗണ്‍ കാലത്ത് അഗതിമന്ദിരങ്ങളിലെ നിരാലംബരായ മനുഷ്യരുടെ നാവിൻ തുന്പിലേക്ക് രുചിയൂറും മത്സ്യം എത്തിയതിനു പിന്നിൽ പഴയങ്ങാടി, പട്ടാന്പി സ്വദേശികളുടെ നേതൃത്വത്തിൽ തലശേരിയിൽ നടത്തിയ ഒരു മത്സ്യക്കടത്തിന്റെ കഥ കൂടിയുണ്ട്. അതിങ്ങനെ:
ലോക്ഡൗണിനെത്തുടർന്നു തലശേരിയിലെ മത്സ്യ മൊത്ത വിതരണ സംവിധാനങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെ രാത്രി എട്ടരയോടെയാണ് സിഐ ഗോപകുമാറിനും എസ്ഐ എ. അഷറഫിനും ഒരു രഹസ്യ വിവരമെത്തുന്നത്.
തലശേരി മാർക്കറ്റിനു സമീപം പിക്കപ്പ് വാനിൽ മത്സ്യം വാഹനത്തിൽ നിന്നു മാറ്റി കയറ്റുന്നുവെന്നായിരുന്നു സന്ദേശം. സ്ഥലത്തു പറന്നെത്തിയ പോലീസ് മത്സ്യവും പിക്കപ്പ് വാനും കസ്റ്റഡിയിലെത്തു. മൂന്നുപേർ അറസ്റ്റിലായി.
മത്സ്യം എന്തു ചെയ്യും?
സ്റ്റേഷനിലെത്തിച്ച മത്സ്യം എന്ത് ചെയ്യും എന്ന ചോദ്യം പോലീസിനു മുന്നിൽ വെല്ലുവിളിയായി ഉയർന്നു. ചിന്തിച്ചു നിൽക്കാൻ സമയമില്ലാത്ത അവസ്ഥ.
സമയം കഴിയുന്തോറും മീൻ കേടുവരാനും പരിസരം ദുർഗന്ധ പൂരിതമാകുകയും ചെയ്യും. സാധാരണ മത്സ്യം പിടികൂടിയാൽ പിഴയൊടുക്കി എത്രയും പെട്ടെന്ന് ഒഴിവാക്കുകയാണ് പതിവ്.
എന്നാൽ, ഇത്തവണ പോലീസ് പതിവ് തെറ്റിച്ചു. ഉന്നത ഉദ്യാഗസ്ഥരുടെയും നിയമ വിദഗ്ധരുടെയും അനുമതിയോടെ പരിഹാരവും കണ്ടെത്തി.
അഗതി മന്ദിരങ്ങളിലേക്കും സമൂഹ അടുക്കളകളിലേക്കും പിടികൂടിയ മീൻ എത്തിക്കുക എന്ന പ്രായോഗികമായ നിർദേശമായിരുന്നു പോലീസ് കൈക്കൊണ്ടത്.
പിന്നീടു കാര്യങ്ങളെല്ലാം എടുപിടി എന്ന നിലയിലായിരുന്നു പിക്കപ്പ് വാൻ കോടതിയിൽ ഹാജരാക്കി. മത്സ്യവിതരണം പോലീസുകാർ തന്നെ ഏറ്റെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പട്ടാന്പി സ്വദേശി കുഞ്ഞഹമ്മദ്, പഴയങ്ങാടി സ്വദേശികളായ സിയാദ്, മുഹമ്മദ് മുസ്തഫ എന്നിവരെ ജാമ്യം നൽകി വിട്ടയക്കുകയും ചെയ്തു. മംഗളൂരുവിൽനിന്നു നിന്നും കടത്തി കൊണ്ടുവന്നതായിരുന്നു മത്സ്യം.