ഓസ്റ്റിന്‍: ടെക്സസ് സംസ്ഥാനത്തെ മാസ്ക് മാര്‍ഡേറ്റ് നീക്കം ചെയ്തതിന് ശേഷം, ലോക്കല്‍ ഗവണ്മെന്റുകളോ, സിറ്റിയോ മാസ്ക്ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിച്ചാല്‍ അവരില്‍ നിന്നും 1000 ഡോളര്‍ വരെ പിഴ ഈടാക്കുന്നതിനുള്ള ടെക്സസ് ഗവര്‍ണറുടെ ഉത്തരവ് മേയ് 21 വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു.
സിറ്റി ജീവനക്കാരോ, ലോക്കല്‍ ഗവണ്മെന്റോ മാസ്ക്ക് ഉപയോഗിക്കണമെന്ന് നിര്‍ബന്ധിക്കാ നാവില്ലെങ്കിലും, സ്വയം മാസ്ക് ഉപയോഗിക്കുന്നവരെ തടയേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത് ഗവണ്മെന്റ് നിര്‍ബന്ധിക്കുന്നതുകൊണ്ടല്ല ടെക്സസ്സുകാരുടെ അവകാശമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
പുതിയതായി ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവില്‍ സ്കൂളുകളുടെ മാസ്ക് നിയന്ത്രണം ജൂണ്‍ നാലു വരെ അനുവദിച്ചിട്ടുണ്ട്. ജൂണ്‍ നാലിനുശേഷം അധ്യാപകരോ വിദ്യാര്‍ഥികളോ, സന്ദര്‍ശകരോ മാസ്ക് ധരിക്കുന്നതു നിരോധിച്ചിട്ടുണ്ട്.
സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ സ്കൂളുകളെ സംബന്ധിച്ചു പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങളില്‍ ഫെയ്സ് മാസ്ക് ഈ അധ്യയന വര്‍ഷം മുഴുവന്‍ ഉപയോഗിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രണ്ടു ഡോസ് വാക്സീന് സ്വീകരിച്ചവര്‍ക്ക് മാസ്കില്ലാതെ പുറത്തിറങ്ങുന്നതിനും, കൂട്ടം കൂടുന്നതും അനുവാദം നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഏബട്ട് ഇങ്ങനെയൊരു ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നതാണ് ഗവണ്മെന്റ് നല്കുന്ന വിശദീകരണം.
ടെക്സസില്‍ കോവിഡ് രോഗികളുടെ എണ്ണം വളരെ കുറഞ്ഞു വരികയും, വാക്സിനേഷന് ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തതോടെ ടെക്സസ് സംസ്ഥാനം പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങികഴിഞ്ഞു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്