കോവിഡ് കാലത്ത് 22 മണിക്കൂർ ജോലി ചെയ്യുന്ന ഒരു ഡോക്ടർ! കേട്ടിട്ട് വെറും തള്ളാണെന്ന് പറഞ്ഞ് പുശ്ചിക്കാൻ വരട്ടെ.
ബംഗളൂരു സ്വദേശിയായ ഡോ. സുനിൽ കുമാർ ഹെബ്ബിയാണ് ഈ ഡോക്ടർ. തന്റെ സ്വകാര്യ കാർ മൊബൈൽ ക്ലിനിക്ക് ആക്കി മാറ്റി രോഗികൾക്ക് സൗജന്യ വൈദ്യസഹായം നൽകുകയാണ് ഡോ. സുനിൽ കുമാർ.
അദ്ദേഹത്തിന്റെ മൊബൈൽ മെഡിക്കൽ ക്ലിനിക്കിൽ അവശ്യം വേണ്ട മരുന്നുകൾക്ക് പുറമെ ഇസിജി മെഷീൻ, ഓക്സിജൻ കോൺസൺട്രേറ്റർ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കോവിഡ് ക്ലിനിക്കിൽ രാത്രി എട്ടു മുതൽ രാവിലെ എട്ടു വരെ കരാർ അടിസ്ഥാനത്തിൽ ഡോ. ഹെബ്ബി ജോലി ചെയ്യുന്നുണ്ട്.
ജോലിസമയം കഴിഞ്ഞ് രണ്ട് മണിക്കൂർ വിശ്രമത്തിന് ശേഷം 10 മണി മുതൽ അദ്ദേഹം തന്റെ മൊബൈൽ ക്ലിനിക് സേവനം ആരംഭിക്കും.
കോവിഡ് 19 സംബന്ധിച്ച ലക്ഷണങ്ങളോ എന്തെങ്കിലും സങ്കീർണമായ രോഗാവസ്ഥയോ ഉള്ളതായി തോന്നുന്നവർക്ക് വാട്സ്ആപ്പിൽ മെസേജ് വഴി അദ്ദേഹത്തിന്റെ സഹായം തേടാവുന്നതാണ്.
ഇതിനകം 200 കോവിഡ് രോഗികളെയാണ് ചികിത്സിച്ചത്. നേരിയ കോവിഡ് ലക്ഷണങ്ങളുള്ളവർ, മുതിർന്ന പൗരന്മാർ, ഒറ്റയ്ക്ക് കഴിയുന്ന രോഗികൾ എന്നിവർക്കാണ് മൊബൈൽ ക്ലിനിക്കിൽ മുൻഗണന നൽകുന്നത്.
രോഗികളുടെ രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ചാണ് അവരെ സന്ദർശിക്കാറുള്ളത്. എല്ലാ ദിവസവും 100 മുതൽ 150 ഫോൺ കോളുകൾ വരെ തനിക്ക് ലഭിക്കാറുണ്ടെന്ന് ഡോ. ഹെബ്ബി പറഞ്ഞു.