ദുര്‍ഗന്ധം കാരണം വീട്ടിലിരിക്കാനും വയ്യ, കോവിഡ് കാരണം പുറത്തിറങ്ങാനും വയ്യ..! ദുരിതംപേറി വല്ലകത്തെ നാട്ടുകാര്‍…

വൈക്കം: വേമ്പനാട്ട് കായലിനെയും കറിയാറിനെയും ബന്ധിപ്പിച്ചു വല്ലകത്തുകൂടി കടന്നുപോകുന്ന നാട്ടുതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു.

വെള്ളിയാഴ്ച രാത്രിയിലാണ് അവസാന സംഭവം. തോടിന്റെ അവസ്ഥ കണ്ടാല്‍ ആരും ഈ പരിസരത്ത് പോലും നില്‍ക്കില്ല. തോടിന് സമീപമുള്ള റോഡില്‍കൂടി നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്.

മാലിന്യം ശക്തമായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖമാധിതരാകുകയാണ്. കോവിഡ് കാരണം ആശുപത്രിയില്‍ പോലും പോകാന്‍ പറ്റാത്ത സാഹചര്യവും.

കോവിഡ് പകരാതിരിക്കാന്‍ അടച്ചിട്ട മുറികളില്‍ ഇരിക്കരുതെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തോട്ടിലെ രൂക്ഷമായ ദുര്‍ഗന്ധം മൂലം ഇവിടുള്ള വീടുകളിലെ ജനാലകള്‍ തുറക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

തെരഞ്ഞെടുപ്പിന് മുമ്പ് തോട്ടില്‍ നിരവധി തവണ ഇവിടെ കക്കൂസ് മാലിന്യം തള്ളിയിരുന്നു.

നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ തോട്ടിലും റോഡിലും ക്ലോറില്‍ വിതറി തടിതപ്പി.

കോവിഡിനും മറ്റ് പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലും വ്യാപിക്കുമെന്ന ആശങ്കയിലാണ് സമീപവാസികള്‍.

 

Related posts

Leave a Comment