പാലാ: ഹൃദയം നിറഞ്ഞ നന്ദിയുമായി നിയുക്ത എംഎൽഎ മാണി സി. കാപ്പന് ജോയൽ ജെയിസന്റെ ഫോണ്‍ വിളിയെത്തി.
ടൗട്ടേ ചുഴലിക്കാറ്റിനിടയിൽ അറബിക്കടലിലുണ്ടായ ബാർജ് അപകടത്തിൽ കാണാതായ വള്ളിച്ചിറ നെടുന്പള്ളിൽ ജോയലാണ് മാണി സി. കാപ്പനെ നന്ദിയറിയിച്ച് കഴിഞ്ഞ ദിവസം വിളിച്ചത്.
അപകടവിവരമറിഞ്ഞ ഉടൻ മാണി സി. കാപ്പൻ ബോംബെയിലുള്ള തന്റെ സുഹൃത്തുക്കളെ വിളിക്കുകയും സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തിരുന്നു. ജോയലിനെ നേവി സുരക്ഷിതനായി കരയിലെത്തിക്കുകയും ചെയ്തു.
പിന്നീട് ജോയലിന്റെ മാതൃസഹോദരനും മുംബൈ അന്തേരി ഈസ്റ്റ് ഹോളിസ്പിരിറ്റ് ഹോസ്പിറ്റലിലെ ചാപ്ലിനും കൗണ്‍സിലറുമായ ഫാ. ജോമോൻ തട്ടാമറ്റത്തിന് ജോയലിനെ സന്ദർശിക്കാൻ അനുമതി ലഭ്യമാക്കിയതും മാണി സി. കാപ്പന്റെ ആവശ്യപ്രകാരമായിരുന്നു.
ഫാ. ജോമോൻ കഴിഞ്ഞ ദിവസം ജോയലിനെ വീണ്ടും സന്ദർശിക്കാനെത്തിയപ്പോഴാണ് വാട്ട്സ്ആപ്പ് കോളിലൂടെ ജോയൽ നിയുക്ത എംഎൽഎയ്ക്കു നന്ദി പ്രകാശിപ്പിച്ചത്. കാലിൽ നേരിയ പരിക്കു മാത്രമേ സംഭവിച്ചിട്ടുള്ളൂ.