പൊൻകുന്നം: കോവിഡ് ദുരിതങ്ങൾക്കിടയിൽ അതിജീവനത്തിന്റെ പാത സ്വയം വെട്ടിത്തുറന്ന് ചേനപ്പാടി ഗ്രാമം.
പരസ്പരം താങ്ങും തണലുമായി അവർ നിൽക്കുമ്പോൾ ഇന്നാട്ടിൽ ആരും ദുരിതബാധിതരാകില്ല.
എരുമേലി പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ ഉൾക്കൊള്ളുന്ന ചേനപ്പാടി എന്ന ഗ്രാമമാണ് സേവനരംഗത്ത് മാതൃകയാവുന്നത്.
എല്ലാറ്റിനും നേതൃത്വം നൽകുന്നത് ‘ചേലുള്ള ഗ്രാമം ചേനപ്പാടി’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പും ചേനപ്പാടി വികസന സമിതി എന്ന സംഘടനയും അതിന്റെ വാട്സ് ആപ്പ് കൂട്ടായ്മയും.
രാഷ്ട്രീയം, മതം, ജാതി എന്നീ വ്യത്യാസം ഇല്ലാതെ, കൊടി ഇല്ലാതെ, യൂണിഫോം ഇല്ലാതെ ചേനപ്പാടിയിലെ എല്ലാ വീടുകളിലും സേവനം തുടരുകയാണിവർ.
ചേനപ്പാടി ഗ്രാമത്തിൽ സിഎഫ്എൽടിസി ആരംഭിക്കണമെന്നും അനുവദിച്ചാൽ എല്ലാ ചിലവുകളും ഏറ്റെടുക്കാമെന്നും അറിയിക്കാൻ ധൈര്യം കാട്ടിയ കൂട്ടായ്മയാണിത്.
അതിനായി ഗൂഗിൾ മീറ്റിംഗ് കൂടി തീരുമാനം എടുക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ അടക്കം എല്ലാ വീടുകളിലും 1400 രൂപ വിലയുള്ള ഭക്ഷ്യ കിറ്റുകളാണിവർ എത്തിച്ചത്.
എല്ലാ വീടുകളിലും കുട്ടികൾക്ക് ബ്രഡും ബിസ്ക്കറ്റും വിതരണം ചെയ്യുന്നുണ്ട്. ആശ വർക്കർമാർക്ക് പിപിഇ കിറ്റുകൾ, പൾസ് ഓക്സി മീറ്റർ എന്നിവ സൗജന്യമായി നൽകി.
സന്നദ്ധ സംഘടനകളിലെ വോളണ്ടിയർമാർക്കും പിപിഇ കിറ്റുകൾ നൽകി. ഒപ്പം അവരുടെ ആരോഗ്യം സംരക്ഷിക്കാൻ എല്ലാ ദിവസവും മുട്ടയും പാലും വിറ്റാമിൻ ഗുളികകളും നൽകി വരുന്നു.
പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഒരാഴ്ച വേണ്ട വിഭവങ്ങൾ സ്ഥിരമായി നൽകുന്നതും ഈ കൂട്ടായ്മയാണ്.
കുട്ടികൾക്കുള്ള പാൽപ്പൊടി വിതരണം, രോഗികൾക്കുള്ള വാഹന സർവീസ് ഇങ്ങനെ തുടരുകയാണ് സേവനങ്ങൾ.
ഇപ്പോൾ നാട്ടുകാർ പിറന്നാൾ, വിവാഹവാർഷികം, വിവാഹം ഇവയുടെ ചിലവിനുള്ള തുക ബ്രഡും ബിസ്ക്കറ്റും വാങ്ങാനുള്ള ചേനപ്പാടി വികസന സമിതിയുടെ പദ്ധതിയിലേക്ക് നൽകുന്നുണ്ട്.
ഇതിനിടയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു യുവാവിന് അടിയന്തര ചികിത്സക്ക് പണം നൽകുന്നുമുണ്ട്. ചേനപ്പാടി മുമ്പും ഒന്നിച്ചിട്ടുണ്ട്.
കാൻസർ ബാധിതനായ ഒരു വ്യക്തിയുടെ ചികിത്സയ്ക്കായി രക്തം നൽകാൻ ബസ് പിടിച്ച് ജനങ്ങൾ മൊത്തം ആശുപത്രിയിലേക്ക് പോയ ഗ്രാമമാണ് ചേനപ്പാടി.