അഗളി: ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തെ തുടർന്ന് ഭക്ഷണം കിട്ടാതെ തളർന്നുവീണ വെങ്കക്കടവ് ഉൗരിലെ മാരി (56)യെ നാട്ടുകാർ ഇടപെട്ട് കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലെത്തിച്ചു.
വിറകുവെട്ടി ഉപജീവനം നടത്തുന്ന മാരി ചായക്കടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവിക്കുന്നത്.
ഷോളയൂർ പഞ്ചായത്തിലെ വെങ്കക്കടവ് ഉൗര് നിവാസിയായ മാരി ഉൗരിലേക്ക് കടന്നു ചെല്ലാറേയില്ല.
ചിറ്റൂർ ഡാം പ്രദേശത്തെ ആദിവാസികളുടെ ചുടുകാട്ടിലോ സമീപ പ്രദേശത്തുള്ള പാറയിടുക്കിലോ ആണ് അന്തിയുറക്കം.
പകൽ സമയങ്ങളിൽ കാടുകളിൽ നിന്നും ശേഖരിക്കുന്ന വിറകുകൾ ചായക്കടകളിലെത്തിക്കും. കണക്കുപറഞ്ഞു പണം വാങ്ങാറില്ല. കിട്ടുന്ന ഭക്ഷണം കഴിക്കും.
ആരോടും തന്നെ സംസാരിക്കാറില്ല. ചോദ്യങ്ങൾക്ക് ഒറ്റ വാക്കിലോ ഒരു മൂളലിലോ മറുപടി നൽകും. തികച്ചും ശാന്തശീലനായ മാരിയെ എല്ലാവർക്കും ഇഷ്ടമാണ്.
ബീഡി വലി മാത്രമാണ് ഏക ദുശീലം. വിറക് ശേഖരിക്കാൻ ആയുധങ്ങളില്ലാത്ത മാരി മരക്കുറ്റികൾ പിഴുതെടുത്തും മരക്കൊന്പുകൾ ഒടിച്ചെടുത്തുമാണ് കടകളിൽ എത്തിക്കുന്നത് .
ചില്ലകൾ വെട്ടിയൊതുക്കാത്ത വിറക് കന്പുകളുമായി റോഡ് നിറഞ്ഞുവരുന്ന മാരിയെകണ്ടു വാഹനങ്ങൾ ഓരങ്ങളിൽ ഒതുക്കിയിടുകയാണ് പതിവ്.
ട്രിപ്പിൾ ലോക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ചിറ്റൂർ, കുറവൻപാടി, മിനർവ്വ, പ്രദേശങ്ങളിലെ കടകൾ അടഞ്ഞതോടെ മാരി പട്ടിണിയിലായി. ഇന്നലെ ഉച്ചയോടെ കൊല്ലങ്കാട് പ്രദേശത്ത് വിജനമായ ചുടുകാടിനു സമീപം തളർന്നു വീഴുകയായിരുന്നു.
പച്ചമണ്ണിൽ കിടന്ന ഇയാളെ സഹായിക്കാനെത്തിയവരോട് നടക്കാനാകുന്നില്ലാന്നാണ് പറഞ്ഞത്. ദൈന്യത കണ്ടെത്തിയവർ ഭക്ഷണവും വെള്ളവും നൽകി.
മുഷിഞ്ഞു കീറിയ വസ്ത്രം മാറ്റി. അടുത്തുള്ള ആശാവർക്കർ ഷീബ സന്തോഷിനെയും മറ്റു ആരോഗ്യ പ്രവർത്തകരെയും വിവരം അറിയിച്ചു.
തുടർന്ന് എസ്ടി പ്രൊമോട്ടർ രാജൻ, വെങ്കക്കടവ് ഉൗരിലെ കുട്ടൻ, എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി മാരിയെ കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മാനസിക വികാസമില്ലാത്ത ദുർബലനായ ഈ പട്ടിക വർഗ്ഗക്കാരന്റെ കഷ്ടതകളറിയാൻ പട്ടിക വർഗ ക്ഷേമവകുപ്പ് തയ്യാറാകണമെന്നും കുറഞ്ഞപക്ഷം പെൻഷൻ തുകയെങ്കിലും അനുവദിക്കണമെന്നുമാണ് ആവശ്യം.