സ്വന്തം ലേഖകൻ
തൃശൂർ: മുംബൈയിലെ ബാർജ് അപകടത്തിൽ മരിച്ച വടക്കാഞ്ചേരി സ്വദേശി അർജുനന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകി.
ഇന്നലെ രാവിലെ മുംബൈയിൽ നിന്നും നെടുന്പാശേരിയിൽ മൃതദേഹം എത്തിക്കുമെന്നാണ് വടക്കാഞ്ചേരി പുതുരുത്തിയിലെ വീട്ടുകാർക്ക് ആദ്യം ഒഎൻജിസിയിൽ നിന്ന് അറിയിപ്പു കിട്ടിയിരുന്നത്.
ഇതുപ്രകാരം വീട്ടുകാർ മൃതദേഹമെത്തുന്നതും കാത്തിരിക്കുന്നതിനിടെ ഇന്നലെ രാവിലെ മുംബൈയിൽ നിന്നും മൃതദേഹം നെടുന്പാശേരിയിലേക്ക് അയച്ചിട്ടില്ലെന്ന സന്ദേശം ലഭിച്ചു.
തുടർന്നു വീട്ടുകാർ വടക്കാഞ്ചേരി നിയുക്ത എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളിയെ വിവരമറിയിക്കുകയും സേവ്യർ ചിറ്റിലപ്പിള്ളി മുംബൈയിലെ ഒഎൻജിസി കന്പനി അധികൃതരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെ മൃതദേഹം വിമാനത്തിൽ കയറ്റി അയക്കുമെന്ന് അധികൃതർ എംഎൽഎയോടു പറഞ്ഞെങ്കിലും ആ ഉറപ്പും പാലിക്കപ്പെട്ടില്ല.
വൈകീട്ട് അഞ്ചരയോടെയാണു മുംബൈയിൽ നിന്നും അർജുന്റേതടക്കം മൂന്നു മൃതദേഹങ്ങൾ വിമാനത്തിൽ തിരുവനന്തപുരം എയർപോർട്ടിലേക്ക് അയച്ചത്.
നെടുന്പാശേരിക്കു പകരം മൃതദേഹം തിരുവനന്തപുരത്തേക്ക് അയച്ചതോടെ മൃതദേഹം വടക്കാഞ്ചേരിയിലെത്തിക്കാൻ പിന്നെയും മണിക്കൂറുകൾ വൈകി.
തിരുവനന്തപുരത്തു സന്ധ്യയോടെ എത്തിച്ച മൃതദേഹം അവിടെ നിന്ന് ആംബുലൻസിൽ വടക്കാഞ്ചേരിയിലേക്കു കൊണ്ടുവരികയാണ്.
ഇന്നു പുലർച്ചെയോടെ മൃതദേഹം വടക്കാഞ്ചേരിയിലെത്തുമെന്നാണ് വീട്ടുകാർ പ്രതീക്ഷിക്കുന്നത്. വീട്ടിലെത്തിക്കുന്ന മൃതദേഹം പത്തുമിനിറ്റിനുള്ളിൽ വീട്ടുവളപ്പിൽ തന്നെ സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
നാലുദിവസം മുന്പു മരിച്ച അർജുനന്റെ മൃതദേഹം കടലിനടിയൽ നിന്നും കണ്ടെടുത്ത് എംബാം ചെയ്താണു വീട്ടിലേക്ക് കൊണ്ടുവരുന്നത്.
ശരീരത്തിന്റെ പല ഭാഗങ്ങളും നഷ്ടമായ അവസ്ഥയിലാണെന്നും അതിനാൽ മൃതദേഹം അടക്കം ചെയ്തു കൊണ്ടുവരുന്ന പെട്ടി തുറക്കരുതെന്നും കർശന നിർദ്ദേശം മുംബൈയിൽ നിന്നും ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാൻ കന്പനി അധികൃതർ വൈകിയതിൽ വീട്ടുകാർക്കും മറ്റും പ്രതിഷേധമുണ്ട്. മൃതദേഹങ്ങൾ അതാത് നാടുകളിലേക്ക് വിമാനമാർഗം എത്തിക്കാൻ ഒരു ഏജൻസിയെ ആണ് ഏൽപ്പിച്ചിരിക്കുന്നതെന്നും അവരാണ് കൃത്യത പാലിക്കാതെ മൃതദേഹം എത്തിക്കാൻ വൈകിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.
നെടുന്പാശേരിക്ക് പകരം തിരുവനന്തപുരത്ത് കൊണ്ടുപോയി മൃതദേഹം ഇറക്കിയതിലും പ്രതിഷേധങ്ങളുണ്ട്.കോട്ടയം, കൊല്ലം സ്വദേശികളുടെ മൃതദേഹങ്ങളാണ് അർജുനന്റെ മൃതദേഹത്തിനൊപ്പം തിരുവനന്തപുരത്തേക്ക് അയച്ചത്.