അമ്പലപ്പുഴ: പഞ്ചായത്ത് ജീവനക്കാരനെ ഓഫീസിൽ കയറി മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പ്രശാന്ത് എസ് കുട്ടിക്കെതിരേയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക് ജിജീഷിനെയാണ് ജോലി തടസപ്പെടുത്തി മർദിച്ചത്. ശനിയാഴ്ച വൈകിട്ട് 4.40നായിരുന്നു സംഭവം. പ്രശാന്ത് എസ് കുട്ടിയുടെ സുഹൃത്തായ പുന്നപ്ര സ്വദേശിയിൽ നിന്നും പഞ്ചായത്തിലേക്ക് സാനിറ്റൈസർ വാങ്ങിയിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ അടുപ്പക്കാരനായ ഇയാളുടെ നിർദ്ദേശപ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച സാനിറ്റൈസർ വാങ്ങിയത്. ഇതിന്റെ ബില്ല് കൈകാര്യം ചെയ്തത് ജിജീഷായിരുന്നു.തൊട്ടടുത്ത ദിവസം ചെക്ക് നൽകിയിരുന്നെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാൽ അടുത്ത ദിവസമാണ് പണം കിട്ടിയത്.
ഇതിനെ ചൊല്ലി സാനിറ്റൈസർ വിതരണക്കാരൻ ജീവനക്കാരനുനേരെ തട്ടിക്കയറിയിരുന്നു. ബില്ല് വൈകിച്ചെന്നും കൂടാതെ ആംബുലൻസ് ജീവനക്കാർക്കായി ഗ്ലൗസും മാസ്കും മറ്റൊരാളിൽ നിന്നും വാങ്ങാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് തന്നെ മർദ്ദിച്ചതെന്ന് ജീവനക്കാരൻ പറഞ്ഞു.
സെക്രട്ടറിയുടെയും മറ്റ് ജീവനക്കാരുടെയും മുന്നിലിട്ട് മർദ്ദിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.പരിക്കേറ്റ ഉദ്യോഗസ്ഥനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫീസിൽ കയറി മർദ്ദിച്ച സംഭവത്തിൽ പഞ്ചാത്ത് സെക്രട്ടറിയും ജീവനക്കാരനും അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്.
പ്രതിയെ അറസ്റ്റ് ചെയ്തില്ല. എന്നാൽ പരാതി പിൻവലിച്ചില്ലെങ്കിൽ തനിക്കെതിരെ വ്യാജ പരാതി നൽകുമെന്ന ഭീഷണി ഉണ്ടെന്നും ജീവനക്കാരൻ പറഞ്ഞു.