തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ ദിനത്തിൽ പതിനഞ്ചാം കേരളാ നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. രാവിലെ ഒന്പതിന് തന്നെ സത്യപ്രതിജ്ഞയ്ക്കായുള്ള നടപടി ക്രമങ്ങൾ തുടങ്ങി. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്.
വള്ളിക്കുന്ന് നിന്ന് ജയിച്ച അബ്ദുൾ ഹമീദ് മാസ്റ്ററിനാണ് ആദ്യംസത്യപ്രതിജ്ഞ ചെയ്തത്. ഭരണ തുടർച്ച നേടി മുഖ്യമന്ത്രി പിണറായി വിജയനും തലമുറമാറ്റത്തിലൂടെ പ്രതിപക്ഷനേതാവായി വി.ഡി. സതീശനും എത്തുന്ന നിയമസഭയിൽ മാറ്റങ്ങൾ നിരവധിയാണ്.
കഴിഞ്ഞ തവണ ഒരു സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണ ആ സീറ്റും നഷ്ടപ്പെട്ടപ്പോൾ പ്രതിപക്ഷം 47 സീറ്റിൽ നിന്നും 41 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു. മന്ത്രിസഭയിൽ നിരവധി പുതുമുഖങ്ങളെ അണിനിരത്തിയാണ് പിണറായി വിജയൻ ഇത്തവണ ഭരിക്കുക .
കോട്ടയ്ക്കലിൽ നിന്നും വിജയിച്ച ആബിദ് ഹുസൈൻ തങ്ങളാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. കാസർഗോഡ് നിന്നുള്ള എ.കെ.എം.അഷ്റഫ് കന്നടയിലും തിരുവനന്തപുരത്ത് നിന്നുള്ള ആന്റണി രാജു ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
പാലയിൽ നിന്നുള്ള മാണി സി കാപ്പനും മൂവറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നിറഞ്ഞ കൈയടികളുടെ അകന്പടിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്. അവസാനമായി സേവ്യർ ചിറ്റിലപ്പള്ളി സത്യപ്രതിജ്ഞ ചെയ്തത്.
തെരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളിൽ 137പേർ ഇന്ന് പ്രോടെം സ്പീക്കർ പി.ടി. എ റഹീം മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
ആന്റിജൻ പരിശോധന നടത്തി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സഭാ സമ്മേളനം നടത്തിയത്. 53 പുതുമുഖങ്ങളാണ് ഇന്ന് നിയമസഭയിലേക്ക് കാലെടുത്തുവെച്ചത്.
അതിൽ ഒന്നാം ഊഴത്തിൽ മന്ത്രി സ്ഥാനം ലഭിച്ചവരും ഉണ്ട്. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 26 നും 27 നും സഭ ചേരില്ല. 28ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് നയപ്രഖ്യാപനം നടത്തും. ജൂൺ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.
സഗൗരവം കെ.കെ.രമ
തിരുവനന്തപുരം : നെഞ്ചിൽ ടി.പി.ചന്ദ്രശേഖരന്റെ ചിത്രം പതിച്ചെത്തി വടകരയിൽ നിന്നുള്ള ആർഎംപി എംഎൽഎ കെ.കെ.രമ സഗൗരവം പ്രതിജ്ഞ ചെയ്തു. പ്രതിപക്ഷം നിറഞ്ഞ കൈയടികളോടെയാണ് രമയുടെ സത്യപ്രതിജ്ഞയെ സ്വീകരിച്ചത്.
മൂന്നുപേർ സത്യപ്രതിജ്ഞ ചെയ്തില്ല
തിരുവനന്തപുരം : ക്വാറന്റൈനിൽ ആയതിനാൽ ഇന്ന് രണ്ട് എംഎൽഎമാർ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തില്ല. കെ.ബാബു(നെന്മാറ), എം.വിൻസെന്റ് (കോവളം) എന്നിവരാണ് ക്വാറന്റൈനിൽ കഴിയുന്നതിനാൽ ഇന്ന് നിയമസഭയിലെത്താൻ കഴിയാഞ്ഞത്. താനൂരിൽ നിന്നും വിജയിച്ച വി.അബ്ദു റഹുമാൻ (സ്പോർട്സ് മന്ത്രി ) വീട്ടിൽ വിശ്രമത്തിലായതിനാൽ പിന്നീടായിരിക്കും സത്യപ്രതി ജ്ഞ ചെയ്യുക.