തിരുവനന്തപുരം: ട്രിപ്പിൾ ലോക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് ആന്റിജൻ പരിശോധന നടത്തുമെന്നും പോസിറ്റീവാകുന്നവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ക്വാറന്റൈനിലുളളവർ പുറത്തിറങ്ങിയാൽ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെയും സിഎഫ്എൽടിസികളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറത്ത് പോലീസ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കും.
മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണ്‍ ഒമ്പതു ദിവസം പിന്നിട്ടിട്ടും സർക്കാർ നടത്തുന്ന തീവ്ര ശ്രമങ്ങൾക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല.
മലപ്പുറത്ത് ഇപ്പോൾ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽനിന്നു തന്നെയാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് ഇതിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
കുടുംബത്തിലെ ഒരംഗം രോഗബാധിതനായാൽ വീട്ടിൽ തന്നെ സമ്പര്‍ക്കവിലക്കില്‍ തുടരുകയും ഇയാളിൽനിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ് ചെയ്യുന്നത്.
മതിയായ ക്വാറന്റൈൻ സൗകര്യമില്ലാത്ത വീടുകളിൽ നിന്ന് പോസിറ്റീവ് ആയവരെ സിഎഫ്എൽടിസികളിലേക്കു മാറ്റാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗലക്ഷണങ്ങളോടെ ക്വാറന്റൈനിൽ കഴിയുന്നവരെ താമസിപ്പിക്കാൻ പ്രത്യേക വാസസ്ഥലം ഒരുക്കും.
മലപ്പുറത്തിനു പുറമേ പാലക്കാട് ജില്ലയിലും കൂടുതൽ ശക്തമായ ഇടപെടൽ വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ 43 പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളിൽ നിൽക്കുന്നു.
ഈ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാനും ക്വാറന്റൈൻ സംവിധാനങ്ങൾ വിപുലപ്പെടുത്താനും തീരുമാനിച്ചു. എറണാകുളം ജില്ലയിൽ വ്യാപന തോതിൽ കുറവ് രേഖപ്പെടുത്തി.
നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഒരു പഞ്ചായത്തിൽ മാത്രമാണ് 50 ശതമാനത്തിനു മുകളിൽ ഉള്ളത്. ഇവിടെ മൊബൈൽ ടെസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും.
കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാരശേരി പഞ്ചായത്തിലാണ്. 58 ശതമാനമാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അഴിയൂരിൽ 55 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്.
രോഗബാധ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളിൽ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകർമൈകോസിസ് രോഗത്തെക്കൂടി ഉൾപ്പെടുത്തി.
ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയിട്ടുണ്ട്. അതുകൊണ്ട്, മ്യൂകർമൈകോസിസ് രോഗബാധ കണ്ടെ ത്തിയാൽ അത് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട താണ്.
ബ്ലാക്ക് ഫംഗസ് കാര്യത്തിൽ ആരോഗ്യവകുപ്പ് പ്രോട്ടോകോൾ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.