ന്യൂഡൽഹി: പതിനെട്ടിനും 44നും ഇടയിൽ പ്രായമുള്ളവർക്ക് ഇനി വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തു വാക്സിൻ എടുക്കാം.
സർക്കാർ വാക്സിൻ കേന്ദ്രങ്ങളിൽ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ. വാക്സിൻ പാഴാക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.
സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്ന ഈ പ്രായപരിധിയിൽ ഉള്ളവരിൽ ഒരു ചെറിയ വിഭാഗത്തിന് രജിസ്ട്രേഷൻ ചെയ്യുന്ന അന്നു തന്നെ വാക്സിൻ നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാലും മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെ ഒഴിവാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും കോവിൻ ആപ്പിലൂടെയുള്ള രജിസ്ട്രേഷനിൽ തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാത്തവരെ കൂടി കണക്കിലെടുത്താണ് നടപടി. അതതു സംസ്ഥാനങ്ങളിലെ സാഹചര്യം അനുസരിച്ച് സംസ്ഥാന സർക്കാരുകൾ തീരുമാനിക്കുന്നത് അനുസരിച്ചാവും നേരിട്ടെത്തി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി.
ഇതുവരെ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്തവർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചിരുന്നത്. ബുക്ക് ചെയ്യുന്പോൾ അനുവദിക്കുന്ന ദിവസം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയാണ് വാക്സിൻ സ്വീകരിച്ചത്.