ലക്നോ: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാൽപ്പത്തിയഞ്ചുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇയാൾ ഗാസിയാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബ്ലാക്ക്, വൈറ്റ് ഫംഗൽ അണുബാധയേക്കാൾ മാരകമാണു യെല്ലോ ഫംഗസ് ബാധയെന്നാണു വിദഗ്ധരുടെ അഭിപ്രായം.
ആന്തരികാവയങ്ങളെയാണ് ഇതു ബാധിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം.
യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗിക്കു മുന്പ് ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസും ബാധിച്ചിരുന്നു.
ശുചിത്വക്കുറവോ ശുദ്ധമല്ലാത്ത ഭക്ഷണം കഴിക്കുന്നതോ രോഗബാധയ്ക്ക് ഇടയാക്കാം.
ഇതിനു പുറമേ സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗവും ആന്റി ഫംഗൽ മരുന്നുകളുടെ കൂടിയ ഉപയോഗവും രോഗകാരണമാകാമെന്നാണു വിദഗ്ധരുടെ അഭിപ്രായം. അമിത ക്ഷീണം,
വിശപ്പില്ലായ്മ, ഇതിന്റെ ഭാഗമായുണ്ടാകുന്ന ഭാരക്കുറവ് എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.
രോഗം മൂർച്ഛിക്കുന്നത് ആന്തരിക രക്തസ്രാവത്തിലേക്കും അവയവങ്ങൾ പ്രവർത്തനരഹിതമാകുന്ന സാഹചര്യത്തിലേക്കും നയിച്ചേക്കാം.