മുംബൈ: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി ബിസിസിഐയും രംഗത്ത്. കോവിഡ് പ്രതിരോധത്തിനായി 10 ലിറ്റർ വീതമുള്ള 2000 ഓക്സിജൻ കോണ്സണ്ട്രേറ്ററുകൾ സംഭാവന ചെയ്യുമെന്ന് ബിസിസിഐ അറിയിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഓക്സിജൻ കോണ്സണ്ട്രേറ്ററുകളുടെ വിതരണം പൂർത്തിയാക്കുമെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു.
കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ ബിസിസിഐ അഭിനന്ദിച്ചു.
ആരോഗ്യപ്രവർത്തകരാണ് രാജ്യത്തിന്റെ മുൻനിര പോരാളികളെന്നും അവരെ സംരക്ഷിക്കാൻ സാധ്യമാവുന്നതെല്ലാം ചെയ്യണമെന്നും ബിസിസിഐ വ്യക്തമാക്കി.
കോവിഡ് പ്രതിരോധത്തിനായി കളിക്കാർ വ്യക്തിപരമായി സഹായങ്ങൾ നൽകിയെങ്കിലും ലോകത്തിലെ ഏറ്റവും സന്പത്തുള്ള കായിക സംഘടനകളിൽ ഒന്നായ ബിസിസിഐ അനങ്ങാതിരുന്നത് വിമർശനത്തിനു കാരണമായിരുന്നു.
എല്ലാവരും തോളോടുതോൾ ചേർന്നുനിന്ന് മഹാമാരിയെ പ്രതിരോധിക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. മഹാമാരിയെ ചെറുക്കാൻ ക്രിക്കറ്റ് ലോകത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.