കൊട്ടാരക്കര: താനിപ്പോൾ ആദ്യദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ കുട്ടിയുടെ അവസ്ഥയിലാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
ധന കാര്യ മന്ത്രിയായി ചുമതലയേറ്റശേഷം കൊട്ടാരക്കരയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏൽപിച്ചിരിക്കുന്നത്. അത് ജനങ്ങൾക്ക് ഉപകാരപ്പെടും വിധം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ പരമാവധി ശ്രമിക്കും. ജനപക്ഷ നിലപാടാണ് തന്റേയും സർക്കാരിന്റേതുമെന്ന് ബാലഗോപാൽ വ്യക്തമാക്കി.
ആരോഗ്യരംഗത്തിന് മുന്തിയ പരിഗണന നൽകും.ജനങ്ങളുടെ ആരോഗ്യ ജീവിതത്തിന് ധനം ഒരു പ്രശ്നമായിരിക്കില്ല.
നമുക്ക് കടമുണ്ട്. കടം ഒരു നല്ല ലക്ഷണം കൂടിയാണ്. കൊടുക്കൽ വാങ്ങിക്കലിന്റെ ഭാഗമാണത്. കടമുണ്ടെന്നു കരുതി വികസനത്തിന് അത് തടസമാകില്ല.
മഹാമാരിയെ നിർമ്മാർജനം ചെയ്യുന്നതിനും ധനം ഒരു പ്രശ്നമേയാകില്ല. ഓരോ കുടുംബത്തിനും വരുമാനമുണ്ടാകത്തക്കവിധത്തിലുള്ള ആസൂത്രണമുണ്ടാകും.
ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ തകർക്കും വിധമാണ് കേന്ദ്ര സർക്കാർ നീക്കങ്ങൾ. സംസ്ഥാനത്തിനു ലഭിക്കേണ്ടുന്ന നികുതി കേന്ദ്രം നേരിട്ടു വാങ്ങുന്നത് അതിന് ഉദാഹരണമാണ്.
കോവിഡ് പ്രതിരോധത്തിലും വാക്സിൻ വിതരണത്തിലും കേന്ദ്ര സർക്കാർ പരാജയപ്പെട്ടു. നാം നമ്മുടേതായ രീതിയിൽ ശക്തമായ പ്രതിരോധം തീർത്തു വരികയാണ്.
സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും കിറ്റും പെൻഷനും മുടങ്ങുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. സിപിഎം നേതാക്കളായ ജോർജ് മാത്യു, മുൻ എംഎൽഎ ഐഷാപോറ്റി, പി.കെ.ജോൺസൺ, രവീന്ദ്രൻ നായർ, എസ്.അർ. രമേശ്, സി. മുകേഷ്, എൻ.ബേബി, സിപിഐ നേതാവ് എ. മൻമഥൻ നായർ, കേരളാ കോൺ -എം നേതാവ് മുരുകദാസൻ നായർ, കേരളാ കോൺ -ബി നേതാവ് എ.ഷാജു, പെരുങ്കുളം സുരേഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.