ചാത്തന്നൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദമായി മാറിയ ഇ എം സി സി എന്ന അമേരിക്കൻ കമ്പിനിയുടെ ചെയർമാൻ ഷിജു വർഗീസ് പ്രതിയായ പെട്രോൾ ബോംബാക്രമണ കേസിൽ പോലീസ് ചോദ്യം ചെയ്യാൻ നോട്ടീസ് നല്കിയ ദല്ലാൾ നന്ദകുമാർ ഇതുവരെ ഹാജരായില്ല.
ദൽഹിയിലായതിനാൽ എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണെന്നും യാത്രാ സൗകര്യം ലഭിച്ചാലുടൻ ചാത്തന്നൂർ എ സി പി മുമ്പാകെ ഹാജരാകാമെന്നും നന്ദകുമാർ അറിയിച്ചിട്ടുണ്ട്. ന
ന്ദകുമാറും ഷിജു വർഗ്ഗീസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കേസിൽ പ്രതിയാകാൻ സാധ്യത കുറവാണെന്നും അന്വേഷണ സംഘത്തലവൻ ചാത്തന്നൂർ എസിപി വൈ .നിസാമുദീൻ പറഞ്ഞു.
എങ്കിലും നന്ദകുമാറിനെ ഗൗരവമായി ചോദ്യം ചെയ്യേണ്ടതുണ്ട്.ഷിജു വർഗീസിന്റെയും അമ്മയും സഹോദരങ്ങളും കോവിഡ് ബാധിതരായതിനാൽ ചോദ്യം ചെയ്യലിന് എത്തിചേർന്നിട്ടില്ല. നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ.
കുണ്ടറ നിയോജക മണ്ഡലത്തിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ ഷിജു വർഗീസ് മത്സരിക്കുകയും തിരഞ്ഞെടുപ്പു ദിവസം കാറിന് നേരെ പെട്രോൾബോംബാക്രമണ നാടകം അരങ്ങേറുകയും ചെയ്തു.
ഈ കേസിൽ ഷിജു വർഗീസും കൂട്ടാളികളും അറസ്റ്റിലാവുകയും റിമാൻഡിൽ ജയിലിലാവുകയും ചെയ്തു.ഷിജു വർഗ്ഗീസ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.