കോട്ടയം: കരുതലും കാരുണ്യവും താങ്ങും തണലുമായി തിരുവഞ്ചൂർ മധുനിലയത്തിൽ കിഷോർകുമാറിന്റെ ഓട്ടോറിക്ഷ ഓടുകയാണ്.
കോവിഡിന്റെ ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലുമായി നൂറിലേറെ കോവിഡ് രോഗികളെയാണ് കിഷോറിന്റെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോൾ വിളിച്ചാലും കിഷോർ തന്റെ ഓട്ടോയുമായി അടുത്തെത്തും. നാട്ടുകാരും വീട്ടുകാരും അയൽവാസികളും പകച്ചു മാറിനിൽക്കുന്ന വേളയിലാണ് ഒരു മടിയോ ഭയമോ കൂടാതെ കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നത്.
ചിലർ പണം തരും, ചിലർ കുറച്ചു പണം തരും, മറ്റുചിലർ പണം തരാറില്ല. എന്നാലും പരാതിയോ പരിഭവമോ ഇല്ലാതെ കിഷോർ കർമ്മനിരതനാണ്.
ഇദ്ദേഹം അയർക്കുന്നം ഗ്രാമപഞ്ചായത്തിലാണു താമസിക്കുന്നതെങ്കിലും തിരുവഞ്ചൂരിന്റെ സമീപപ്രദേശമായ വിജയപുരം, മണർകാട് എന്നി പഞ്ചായത്തിലെ രോഗികളെയും ആശുപത്രിയിൽ എത്തിക്കുന്നു.
ഏകദേശം ഏഴ് വാർഡിലെ ജനങ്ങളാണു കിഷോറിനെ ആശ്രയിക്കുന്നത്. ചിലപ്പോൾ ദൂരെ സ്ഥലത്തു നിന്നു പോലും സഹായം അഭ്യർഥിച്ചു വിളിക്കാറുണ്ടെന്നും രോഗികളെ ആശുപത്രിയിൽ എത്തിച്ചു തിരികെ വീട്ടിലെത്തിക്കാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരുമെന്നും കിഷോർ പറഞ്ഞു.
ഓരോ രോഗിയേയും കൊണ്ടുപോയതിനുശേഷം തിരികെ എത്തി ഓട്ടോ അണുവിമുക്തമാക്കും. വീട്ടിലെത്തിയാൽ ഷർട്ടും മുണ്ടും നല്ല പോലെ സോപ്പിട്ട് കഴുകി കുളിയും കഴിഞ്ഞാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അയർക്കുന്നം പഞ്ചായത്ത് 27-ാം ബൂത്ത് ജനറൽ സെക്രട്ടറിയായ കിഷോർ ഇതിനിടയിൽ കോവിഡ് രോഗികൾ ഉള്ള വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണത്തിനും നേതൃത്വം നൽകുന്നു.
എട്ടുവർഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കിഷോർ മികച്ച പാചക വിദഗ്ധനാണ്. കോവിഡിനുശേഷമാണു മുഴുവൻ സമയവും ഓട്ടോറിക്ഷ ഓടിക്കുന്നത്. ഭാര്യ: രമ്യ. രണ്ട് മക്കൾ. വിദ്യാർഥികളായ അക്ഷയ, അനാമിക. കിഷോറിന്റെ ഫോണ് നന്പർ-7510747851.