പയ്യന്നൂര്‍: ലോക്ഡൗണില്‍ മദ്യശാലകള്‍ അടഞ്ഞതോടെ നാടന്‍ ചാരായ വാറ്റുകേന്ദ്രങ്ങള്‍ സജീവമായി. കര്‍ണാടക മദ്യം പലവഴികളിലൂടെയാണ് ഒഴുകിയെത്തുന്നത്.
പരിശോധനകള്‍ കര്ശനമാകുന്നുണ്ടെങ്കിലും വാറ്റുസംഘങ്ങളുള്പ്പെടെയുള്ള മദ്യമാഫിയകള്‍ക്ക് തടയിടാനാകാത്ത അവസ്ഥയാണ്.
മുന്‍കാലങ്ങളില്‍ എക്സൈസിന്റേയും പോലീസിന്റേയും മദ്യവിരുദ്ധസമിതികളുടേയും പ്രവര്‍ത്തനഫലമായി നേരത്തേ നിര്ജീവമാക്കിയിരുന്ന വാറ്റുകേന്ദ്രങ്ങളാണ് ലോക്ഡൗണിന്റെ മറവില്‍ സജീവമായത്.
ജില്ലയിലെ മലയോര മേഖലയും വനപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് കൂടുതലായും നടക്കുന്നത്.
ശ്രീകണ്ഠപുരം, ആലക്കോട്, ചന്ദനക്കാംപാറ, ചെറുപുഴ, മുഴക്കുന്ന്, കാഞ്ഞിരക്കൊല്ലി, തില്ലങ്കേരി, പെരിങ്ങോം, ഏഴിമല എന്നിവിടങ്ങളിലാണ് ഇപ്പോള്‍ വ്യാജവാറ്റ് കൂടുതലായും നടക്കുന്നതെന്ന് എക്സൈസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത്തരം പ്രദേശങ്ങളിലെ ഉള്‍ക്കാടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വാറ്റുകേന്ദ്രങ്ങളിലേക്ക് പരിശോധകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്.
സാഹസപ്പെട്ട് ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും ചാരായവും വാറ്റുപകരണങ്ങളും മാറ്റുന്നതിനാല്‍ കലക്കിവച്ച വാഷ്മാത്രം പിടികൂടി നശിപ്പിച്ച് സ്ഥലംവിടേണ്ട അവസ്ഥയാണുള്ളത്.
വാറ്റിക്കഴിഞ്ഞാലുടന് വിശ്വസ്തരായ ഇടനിലക്കാര്‍ക്ക് കൈമാറുന്നതിനാല്‍ വാറ്റുകേന്ദ്രങ്ങളില്‍ ചാരായം കണ്ടെത്താനുമാകില്ല.
രാവിലെ മുതല്‍ വൈകുന്നേരംവരെ റോഡുകളില്‍ പോലീസിന്റെ പരിശോധന വ്യാപകമായി നടക്കുന്നതിനാല്‍ രാത്രികളില്‍ വാറ്റുന്ന ചാരായം ഇരുചക്രവാഹനങ്ങളിലും മറ്റുവാഹനങ്ങളിലുമായി അപ്പോള്‍തന്നെ ഇടറോഡുകളിലൂടെ പുറത്തെത്തുകയാണ്.
നിരവധി വാറ്റുകേന്ദ്രങ്ങളില്നിന്നും വാഷ് പിടികൂടിയിട്ടും വ്യാജവാറ്റിന് തടയിടാനാകാത്തതുപിന്നിൽ ഇതില്‍നിന്നും ലഭിക്കുന്ന കൊള്ളലാഭമാണ്.
സാധാരണ നാടന്‍ ചാരായം മുതല്‍ ഒറിജിനലിനെ വെല്ലുന്ന നാടന്‍ സ്കോച്ചുവരെയാണ് വാറ്റുകേന്ദ്രങ്ങളില്‍ നിന്നും പുറത്തെത്തുന്നത്.
സാധാരണ നാടന്‍ ചാരായം 1500 – 2000 രൂപയ്ക്കു വരെ വില്‍പ്പന നടത്തുമ്പോള്‍ പഴവര്ഗങ്ങളിട്ട് വാറ്റിയ നാടന്‍ സ്കോച്ചിന് 3500 രൂപ വരെയാണ് ഈടാക്കുന്നത്. ലോക്ഡൗണിന്റെ മറവില്‍ ഇതിനകം നാടന്‍ചാരായം വാറ്റി ലക്ഷങ്ങളുണ്ടാക്കിയവരാണ് അധികവും. മദ്യം കിട്ടാതിരിക്കുന്ന സാഹചര്യമായതിനാല്‍ എത്ര വിലകൊടുത്തും വാങ്ങാനാളുണ്ടെന്നതാണ് ഇവര്‍ക്കുള്ള പ്രചോദനം.
കര്‍ണാടക മദ്യത്തിന്റെ ഒഴുക്കും വ്യാപകം
മാഹിമദ്യവും ഗോവന്‍ മദ്യവുമാണ് മുന്‍കാലങ്ങളില്‍ വടക്കന്‍ ജില്ലകളിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കര്‍ണാടക മദ്യമാണ് ഈ രംഗം കീഴടക്കിയിരിക്കുന്നത്. മംഗളൂരുവിൽനിന്നും ബോട്ടുകളിലും യമഹ പിടിപ്പിച്ച വള്ളങ്ങളിലുമായി കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകളുടെ കടല്‍തീരങ്ങളിലാണ് കര്‍ണാടക മദ്യമെത്തുന്നത്.
ദേശീയപാതയിലെ ചെക്ക്പോസ്റ്റുകളൊഴിവാക്കിയുള്ള ഉൗടുവഴികളിലൂടെയും വാഹനങ്ങളില്‍ മദ്യമെത്തുന്നുണ്ട്. കൂടാതെ തീവണ്ടികളിലും ചരക്കുവാഹനങ്ങളിലും മദ്യമെത്തുന്നുണ്ട്. മെയ്യനങ്ങാതെ വന്‍ലാഭം കിട്ടുന്നതാണ് ഇതിലേക്ക് വില്‍പ്പനക്കാരെ ആകര്‍ഷിക്കുന്നത്.180 മില്ലി, 375 മില്ലി എന്നീ അളവുകളിലുള്ള മദ്യമാണ് പ്രധാനമായും ഇവിടേക്ക് എത്തുന്നത്. 70 രൂപയ്ക്ക് മംഗളൂരുവിൽ വില്‍ക്കുന്ന 180 മില്ലിയുടെ പാക്കറ്റ് മദ്യം 350 രൂപവരെ വാങ്ങിയാണ് വില്‍പ്പന നടത്തുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന മദ്യം പോലീസും എക്സൈസും പലതവണ പിടികൂടിയിട്ടും മദ്യത്തിന്റെ ഒഴുക്കിന് തടയിടാനാകാത്തത് ഇതില്‍നിന്നു ലഭിക്കുന്ന അധികലാഭം തന്നെയാണ്.
മദ്യംകടത്തുന്നതിനിടയില് വാഹനമുള്‍പ്പെടെ പിടിയിലായിട്ടും ഓടി രക്ഷപ്പെടുന്ന പ്രതികള്‍ പിറ്റേദിവസവും മദ്യം കടത്തുന്നതിന്റെ രഹസ്യവും വാഹനത്തിന്റെ നഷ്ടം ദിവസങ്ങള്‍കൊണ്ട് നികത്താനാകും വിധത്തിലുള്ള ലാഭംതന്നെയാണ്. ഇത്തരം കര്‍ണാടകമദ്യം നാടിന്റെ മുക്കിലും മൂലയിലുംവരെ വില്‍പ്പന നടക്കുന്നുണ്ട്.
ലോക്ഡൗണിന്റെ ഭാഗമായി മദ്യശാലകള്‍ പൂട്ടിയേതാടെ ഈയിനത്തില്‍ സര്‍ക്കാരിന്റെ വരുമാനം ഇല്ലാതായി. എന്നാല്‍ അനധികൃത മദ്യക്കടത്തിലൂടെ കേരളത്തിന്റെ ലക്ഷങ്ങളാണ് കര്‍ണാടകയിലേക്ക് ഒഴുകുന്നത്. മദ്യവില്‍പ്പന കേന്ദ്രങ്ങളായി മാറിയ സമാന്തര ബാറുകളിലും വാഴത്തോട്ടങ്ങളിലും കാടുകളിലും സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളുകളുമില്ല എന്നതും വസ്തുതയാണ്.
മുന്‍കാലങ്ങളില്‍ ജനകീയ ഇടപെടലുകളിലൂടെ ഇത്തരം മദ്യമാഫിയകളെ നിലയ്ക്ക് നിര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപന ഭീതിയില്‍ പ്രതിഷേധിക്കാന്‍ ആളില്ലാതായതും മദ്യമാഫിയകള്‍ക്ക് തുണയായിരിക്കുകയാണ്.