മാഡിസണ്: അമേരിക്കയിലെ മകന്റെ കുഞ്ഞിനെ കാണാനെത്തിയ പിതാവിന് അലബാമ പോലീസിന്റെ ക്രൂരമായ പീഡനത്തിനിരയായ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
അമേരിക്കയിലെത്തി പതിനൊന്നാംദിവസം മകന്റെ വീട്ടിൽ നിന്ന് നടക്കാൻ പുറത്തിറങ്ങിയ ഇന്ത്യക്കാരനായ സുരേഷ് ഭായ് പട്ടേലിനെ ചോദ്യം ചെയ്തപ്പോൾ ക്യത്യമായ മറുപടി നൽകാൻ കഴിയാതിരുന്നതിനെ തുടർന്ന് പോലീസിന്റെ ക്രൂരമർദനത്തിനിരയാകേണ്ടിവന്ന പട്ടേലിന് 1.75 ഡോളറിന്റെ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി.
2015 ഫ്രെബുവരി ആറിനായിരുന്നു സംഭവം. മകന് ജനിച്ച കുട്ടിയെ കാണാൻ ഇന്ത്യയിൽ നിന്നും എത്തിയതായിരുന്നു സുരേഷ്ഭായ്.
ഇംഗ്ലീഷ് ഭാഷ അറിയാതിരുന്ന സുരേഷ് ഭായിയെ രണ്ടു പോലീസ് ഉദ്യോഗസ്ഥർ സമീപിച്ചു. എന്തിനാണ് പുറത്തിറങ്ങിയതെന്ന് അന്വേഷിക്കുകയും ഇംഗ്ലീഷ് അറിയില്ല എന്ന ആംഗ്യം കാണിക്കുകയും, മകന്റെ വീടു തൊട്ടടുത്താണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
തുടർന്ന് കൈ പാന്റിന്റെ പോക്കറ്റിലിട്ടുവെന്നാണ് പോലീസ് പറയുന്നത്. ഉടനെ പട്ടേലിനെ പിന്നിൽ നിന്നും പിടികൂടി നിലത്തടിക്കുകയായിരുന്നു.
വീഴ്ചയിൽ അദ്ദേഹത്തിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. മെഡിക്കൽ ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ ധാരാളം പണം ചികിത്സയ്ക്കുവേണ്ടി ചിലവഴിക്കേണ്ടിവന്നുവെന്ന് മകൻ ചിരാഗ് പട്ടേൽ പറഞ്ഞു.
തന്റെ അച്ഛന് ഒരിക്കലും പരസഹായം കൂടാതെ നടക്കാൻ കഴിയുകയില്ലെന്നും മകൻ ചൂണ്ടിക്കാട്ടി. മാഡിസൻ സിറ്റിക്കും രണ്ടു പോലീസ് ഓഫീസർമാർക്കുമെതിരേ 2015 ഫ്രെബുവരി 15ന് സ്വകാര്യ അന്യായം ഫയൽ ചെയ്തു.
മേയ് മാസം കേസ് യുഎസ് ഡിസ്ട്രിക്ട് കോർട്ടിലേക്ക് കേസ് റഫർ ചെയ്തു. 57 വയസ് പ്രായമുണ്ടായിരുന്ന പട്ടേലിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഇദ്ദേഹം സമൂഹത്തിന് ഒരു ഭീഷണിയുമല്ലായിരുന്നുവെന്ന് മനസിലാക്കാൻ പോലീസിന് കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് സിറ്റി അറ്റോർണിയുമായി ധാരണയക്ക് തയ്യാറായത്.
ഈ സംഭവത്തിൽ ഇന്ത്യൻ വംശജർ പ്രത്യേകിച്ചു ലോകമെങ്ങുമുള്ള പട്ടേൽ സമൂഹം ശക്തമായി പ്രതിഷേധിച്ചിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ