അമ്പലപ്പുഴ: ഒടുവിൽ ഡിവൈഎഫ് ഐ നേതാവ് മാപ്പു പറഞ്ഞ് തടിയൂരി. പഞ്ചായത്തു ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിലാണ് ഡിവൈ എഫ്ഐ നേതാവ് മാപ്പു പറഞ്ഞ്.കേസ് ഒത്തുതീർപ്പാക്കിയത്.
ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി പ്രശാന്ത് എസ്. കുട്ടിയാണ് പരസ്യമായി മാപ്പു പറഞ്ഞത്. ശനിയാഴ്ച വൈകിട്ടാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സീനിയർ ക്ളർക്ക് ജിതേഷിനെ പ്രശാന്ത് എസ്.കുട്ടി ഓഫീസിൽകയറി മർദിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മറ്റംഗങ്ങൾ, സെക്രട്ടറി എന്നിവർ ഓഫീസിലിരിക്കുമ്പോഴാണ് മർദ്ദനം നടന്നത്. മർദിച്ച ശേഷം ഉടൻ തന്നെ പ്രശാന്ത് എസ്.കുട്ടി കടന്നു കളഞ്ഞു.
പിന്നീട് സെക്രട്ടറി നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് പ്രശാന്ത്.എസ്.കുട്ടിക്കെതിരെ കേസെടുത്തിരുന്നു. സെക്രട്ടറിയുടെയും ജിതേഷിന്റെയും മൊഴി രേഖപ്പെടുത്തിയ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതിനിടയിൽ കേസ് ഒത്തുതീർപ്പാക്കാൻ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ശ്രമവും നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇന്നലെ പഞ്ചായത്ത് ഓഫീസിൽ വെച്ച് ചർച്ച നടന്നത്. എൻജിഒ സംഘിന്റെ അംഗമാണ് ജിതേഷ്. ബിജെപി, എൻജിഒ സംഘ് ഭാരവാഹികൾ, സിപിഎം നേതാക്കൾ തുടങ്ങിയവരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പ്രശാന്ത് എസ്. കുട്ടി മാപ്പു പറഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് മാപ്പു പറയില്ലെന്ന് പ്രശാന്ത്.എസ്. കുട്ടിയും മറ്റ് സിപിഎം, ഡിവൈഎഫ്ഐ നേതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് മാപ്പു പറഞ്ഞ് കേസ് ഒത്തു തീർപ്പാക്കിയത്.