സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പു ചെലവിലേക്കായെത്തിച്ച കുഴല്‍പണം കൊടകരയില്‍ കവര്‍ന്ന സംഭവത്തില്‍ കേന്ദ്രഏജന്‍സി ഉരുണ്ടുകളിക്കുന്നതായി സംശയം.
മുന്‍പുള്ള പല കേസുകളിലും ഒരു നിമിഷം പോലും ചാടിവീണു കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്ത ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ കൊടകര കുഴൽപണം സംഭവത്തിൽ ഉരുണ്ടുകളിക്കുകയാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.
പ്രതിസ്ഥാനത്ത് ബിജെപിക്കാർ വന്നതോടെയാണ് ഇഡി മടിച്ചുനിൽക്കുന്നതെന്നാണ് ഉയരുന്നിരിക്കുന്ന ആക്ഷേപം.
ഹൈക്കോടതിയിലേക്ക്
ഇഡി കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലേക്കു നീങ്ങാൻ പരാതിക്കാർ തീരുമാനിച്ചു. കോഴിക്കോട് സ്വദേശിയായ ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂരാണ് കേസിന്റെ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
നാളെ ഇതുമായി ബന്ധപ്പെട്ടു ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം രാഷ്ട്രദീപികയോടു പറഞ്ഞു. കുഴല്‍പണം പോലീസ് പിടികൂടിയതിനു പിന്നാലെ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 25ന് സലിം മടവൂര്‍ ഇഡിക്ക് പരാതി നല്‍കിയിരുന്നു.
മൊഴി എടുത്തില്ല
ഒരു മാസം കഴിഞ്ഞിട്ടും പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താനോ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനോ ഇഡി തയാറായിട്ടില്ല.
കൊച്ചിയിലെ ജോയിന്റ് ഡയറക്ടര്‍ മുമ്പാകെയായിരുന്നു ആദ്യം പരാതി നല്‍കിയത്. തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഇഡി ഡയറക്ടര്‍ക്കും പരാതി അയച്ചിരുന്നു. അതിനിടെയാണ് സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് പോലീസ് കണ്ടെത്തിയത്.
ഇതോടെ ഇഡി പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. ചൊവ്വാഴ്ച വീണ്ടും പരാതി അയച്ചുവെങ്കിലും യാതൊരു നീക്കവും ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതി മുഖേന ഇഡി അന്വേഷണത്തിനായി ഹര്‍ജി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അവധി നീട്ടി
കൊച്ചിയിലെ ജോയിന്റ് ഡയറക്ടര്‍ അവധി നീട്ടിയിരിക്കുകയാണ്. അവധി നീട്ടിയതില്‍ ദുരൂഹതയുണ്ടെന്നും ഇതു ബിജെപി നേതാക്കളിലേക്കുള്ള അന്വേഷണത്തില്‍ കാലതാമസം വരുത്തുന്നതിനാണെന്നുമാണ് ആരോപണമുയരുന്നത്.
കൊടകരയിലെ സംഭവത്തിന് പുറമേ പാലക്കാട്ടേക്കു കൊടുത്തയച്ച നാലു കോടി രൂപയും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, പണം കൊള്ളയടിച്ചവര്‍ പോലീസില്‍ പരാതിപ്പെടാതെ പരസ്പരം വീതം വച്ച് ഒത്തുതീര്‍പ്പാക്കി.
സംസ്ഥാനത്ത് 500 കോടിയില്‍പരം രൂപയാണ് കളളപ്പണമായി ബിജെപി കേന്ദ്രങ്ങൾ വിതരണം ചെയ്തതെന്നും ഇക്കാര്യങ്ങളെല്ലാം ഇഡി അന്വേഷണത്തിലൂടെ കണ്ടെത്താനാവുമെന്നുമാണ് പരാതിയിൽ പറയുന്നത്.