കുമരകം: കഴിഞ്ഞ 21 വര്‍ഷമായി ഒരു നെല്ലും ഒരു മീനും പദ്ധതി വിജയകരമായി നടത്തുന്ന ചീപ്പുങ്കല്‍ അന്തോണി കായല്‍ പാടശേഖരത്തെ മത്സ്യ വിളവെടുപ്പില്‍ നൂറുമേനി.
37 കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള 50 ഏക്കറുള്ള പാടശേഖരത്ത് വിവിധ ഇനങ്ങളിലെ രണ്ടു ലക്ഷം മത്സ്യങ്ങളെയാണ് വളര്‍ത്തിയത്. ഇത്തവണ ഏകദേശം 20 ടണ്‍ മത്സ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. കട്ല, രോഹു, ഗ്രാസ് കാര്‍പ്പ്, തിലോപ്പിയ, മൃഗാള്‍, സൈപ്രസ് തുടങ്ങിയ ഇനങ്ങളിലുള്ള മീനുകളാണ് പ്രധാനമായും വളര്‍ത്തിയത്.
പാടത്ത് വെള്ളം കൂടുതലുള്ളതിനാല്‍ വല വീശിയാണ് നിലവില്‍ മീന്‍പിടിത്തം. മത്സ്യ വിളവെടുപ്പ് കഴിയുമ്പോള്‍ നെല്‍ക്കൃഷിക്കുള്ള ജോലികള്‍ തുടങ്ങുകയാണ് പതിവ്.
വെള്ളം വറ്റിക്കുന്നതിനുള്ള പെട്ടിയും പറയും സ്ഥാപിക്കുന്ന ജോലിയും തുടങ്ങിക്കഴിഞ്ഞു. നെല്‍കൃഷിയുടെ തുടക്കത്തില്‍ അടുത്ത മത്സ്യകൃഷിക്കുള്ള കുഞ്ഞുങ്ങളെ നഴ്സറിയില്‍ നിക്ഷേപിച്ച് വളര്‍ത്തുകയും കൊയ്ത്തു കഴിഞ്ഞ് വെള്ളം കയറ്റിയ പാടത്തേക്ക് അവയെ തുറന്നുവിടുകയുമാണ് ചെയ്യുന്നത്.
ഈ രീതി അവലംബിക്കുമ്പോള്‍ പാടത്ത് വീഴുന്ന മത്സ്യകാഷ്ഠം നെല്ലിന് വളമാകുന്നു. കൊയ്ത്തു കഴിഞ്ഞ് പാടത്തു വീണുകിടക്കുന്ന നെല്മണികള് മത്സ്യങ്ങള്‍ക്ക് തീറ്റയാവുകയും ചെയ്യും. ചെലവു കുറഞ്ഞ ഈ രീതി കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം നല്‍കുന്നതായി പാടശേഖര സമതി പ്രസിഡന്റ് ജിമ്മി ജോസഫും സെക്രട്ടറി ജോസ് ആന്റണി അറയിലും പറഞ്ഞു.