ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം 11,717 ആയി ഉയര്‍ന്നു. ഗുജറാത്തിലാണ് ഏറ്റവും അധികം രോഗ ബാധിതരെ കണ്ടെത്തിയത്. ഗുജറാത്തിൽ 2,859 പേര്‍ക്കാണ് രോഗം ബാധിച്ചത്.
മഹാരാഷ്ട്രയില്‍ 2770 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 768 പേര്‍ക്കും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്ലാക്ക് ഫംഗസ് രോഗ ബാധ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
അതേസമയം, ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ-ബിയുടെ 29,250 ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഫെര്ടലൈസര് ആന്‍ഡ് കെമിക്കല്‍സ് മന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു.