കോവിഡ് മഹാമാരിയില്‍ നാട് പകച്ചു നില്ക്കുമ്പോള് കോവിഡ് രോഗികള്‍ക്ക് താങ്ങാവുകയാണ് സുനിതയുടെ ഓട്ടോ ആംബുലന്‍സ്.
കോവിഡ് രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും മരുന്നു വിതരണത്തിനും അടിസ്ഥാന വൈദ്യസഹായം ലഭ്യമാക്കുന്നതിനുമൊക്കെ ഇനി സുനിതയുടെ ഓട്ടോ ആംബുലന്‍സ് ഓടും.
കോവിഡ് രോഗികളെ കൊണ്ടുപോകുന്ന കേരളത്തിലെ ആദ്യ വനിത ഓട്ടോ ആംബുലൻസ് ഡ്രൈവര്‍ എന്ന പദവിയും ഇനി മുതല്‍ സുനിതയ്ക്ക് സ്വന്തം.
കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ചേര്‍ന്ന് ഇന്‍ഡോ-ജര്‍മന്‍ ഗ്രീന്‍ മൊബിലിറ്റി പാര്‍ട്ണര്‍ഷിപ്പിന്റെ കീഴില്‍ ജിഐ ഇസഡിന്റെ സാങ്കേതിക സാമ്പത്തിക സഹായത്തോടെയാണ് ഓട്ടോ ആംബുലന്‍സ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 18 ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് എറണാകുളത്ത് പരിശീലനം നല്‍കിയത്. അതിലെ ഏക വനിതയാണ് കടവന്ത്ര ആലിങ്കത്തറ വീട്ടില്‍ എ.ആര്. സുനിത.
കഴിഞ്ഞ ഒമ്പതുവര്‍ഷമായി കെ.പി. വള്ളോന്‍ റോഡ് ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് സുനിത. ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷന് സിഐടിയു കടവന്ത്ര മേഖല സെക്രട്ടറി കൂടിയാണ്.
സഹജീവികളോട് കാണിക്കാവുന്ന ഏറ്റവും വലിയ കരുണയായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്ന് സുനിത പറഞ്ഞു.
പോര്‍ട്ടബിള്‍ ഓക്സിജന്‍ കാബിന്, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍, പിപിഇ കിറ്റ് എന്നിവയെല്ലാം ഓട്ടോ ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. സേവനം 24 മണിക്കൂറും ലഭ്യമാകും.
കോവിഡ് രോഗികളുമായി എങ്ങനെ ഇടപെടണം, പിപിഇ കിറ്റ് ധരിക്കേണ്ടത് എങ്ങനെ, ജോലിക്കിടയിലെ സുരക്ഷ എന്നിവയെക്കുറിച്ച് പരിശീലനം ലഭിച്ചതായി സുനിത പറഞ്ഞു.
ഇടവഴികളില്‍ പോലും രോഗികള്‍ക്ക് പോകാന്‍ കഴിയുന്ന വാഹനമാണ് ഓട്ടോറിക്ഷ.
കേരളത്തിലെ ഈ ജനകീയ വാഹനത്തിന്റെ സാധ്യത കോവിഡ് കാലത്ത് പ്രയോജനപ്പെടുത്തുകയാണ് ഓട്ടോ ആംബുലന്‍സ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് കൊച്ചി നഗരസഭ മേയര്‍ എം. അനില്‍കുമാര്‍ പറഞ്ഞു.
തൊഴിലാളികളാണ് ഏതു പ്രശ്നത്തെയും കൈകാര്യം ചെയ്യാന്‍ പ്രാപ്തര്‍. ഈ പദ്ധതിയിലേക്ക് ഒരു വനിത മുന്നോട്ടു വന്നത് മാതൃകാപരമാണെന്നും അദേഹം വ്യക്തമാക്കി.
സീമ മോഹന്‍ലാല്‍