മലയാള സിനിമ ചരിത്രത്തില്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ സിനിമയായിരുന്നു പ്രിയദര്ശന്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ‘ചിത്രം’. 1988ല്‍ പുറത്തിറങ്ങിയ ചിത്രവുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മോഹന്‍ലാല്‍ കാളയുമായി നടത്തുന്ന ഗുസ്തി. വളരെയധികം കഷ്ടപ്പെട്ടു കൊണ്ടുവന്ന കാളയെക്കൊണ്ട് അതിലും കഷ്ടപ്പെട്ട് ഗുസ്തി പിടിച്ച മോഹന്‍ലാലിന്റെ അതിസാഹസികത കാണാന്‍ പക്ഷേ ആരാധകര്‍ക്കു ഭാഗ്യമുണ്ടായില്ല. സിനിമയില്‍ നിന്ന് ആ രംഗം വെട്ടിമാറ്റിയത് തന്നെ കാരണം.
കാളപ്പോരില്‍ പങ്കെടുക്കുന്ന കാളയെ തന്നെ കൊണ്ടുവരണമെന്നു പ്രിയദര്‍ശന്റെ കടുംപിടത്തമായിരുന്നു. ഒടുവില്‍ മദ്രാസില്‍ നിന്നൊരു ഒത്ത കാളയെ ഒപ്പിച്ചു. കാളയെ സെറ്റില്‍ എത്തിച്ചു. ഷോട്ടിനായി എല്ലാവരും റെഡിയായി. കാളയുമായി പോരു പിടിക്കാന്‍ ലാലും റെഡി. എന്നാല്‍ ഒരു പ്രശ്നം. കാളയ്ക്ക് അഭിനയിക്കാന്‍ താല്പര്യമില്ല. കിടന്നിടത്തുനിന്നും എണീല്‍ക്കുന്നില്ല. കാളയെ നോക്കാന്‍ വന്നയാള്‍ പലകുറി ശ്രമിച്ചിട്ടും രക്ഷയില്ല. പ്രിയദര്‍ശനാണെങ്കില്‍ ദേഷ്യത്തോടെ അലറുന്നുണ്ട്.
ഒരു രക്ഷയുമില്ലെന്നു കണ്ടപ്പോള്‍ കാളക്കാരന് പേപ്പര്‍ കത്തിച്ച് കാളയുടെ വയറിനടുത്ത് ചൂടാക്കി. അതോടെ കാള ഉഷാര്‍. ലാലും കാളയും തമ്മില്‍ അത്യുഗ്രമായി പോരും നടന്നു. എന്നാല്‍, എഡിറ്റിംഗും കഴിഞ്ഞ് ചിത്രം തീയേറ്ററില്‍ എത്തിയപ്പോള്‍ ആ രംഗം കാണാനില്ല. കഥയില്‍ പൊരുത്തമില്ലാത്തതുകൊണ്ടാണത്രേ ആ സീന്‍ വെട്ടിക്കളഞ്ഞത്.