തിരുവനന്തപുരം: തലസ്ഥാനത്ത് ഭീമ ജ്വല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടിൽ മോഷണം നടത്തി മുങ്ങിയ അന്തർ സംസ്ഥാന മോഷ്ടാവ് റോബിൻഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാനെ കസ്റ്റഡിയിലെടുക്കാൻ ഗോവയിലേക്ക് പോയ കേരളാ പോലീസ് വെറും കൈയോടെ മടങ്ങി.
ഗോവയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇര്‍ഫാനെ പനാജി പൊലീസ് പിടികൂടിയിരുന്നു. പിന്നീട് 24ന് ഹാജരാകണമെന്ന വ്യവസ്ഥയിൽ കോടതി ഇർഫാന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇർഫാൻ അന്ന് ഹാജരായിരുന്നില്ല.
ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം ഇർഫാനെ കസ്റ്റഡിയിലെടുക്കാൻ ഗോവയിലെത്തിയ തിരുവനന്തപുരം മ്യൂസിയം പോലീസിന് വെറും കൈയോടെ മടങ്ങേണ്ടി വന്നത്.
കഴിഞ്ഞ മാസമാണ് ഭീമ ജ്വല്ലറി ഉടമ ഡോ ബി.ഗോവിന്ദന്റെ കവടിയാറിലുള്ള വൻ സുരക്ഷാ സന്നാഹങ്ങൾ ഉള്ള വീട്ടിൽ നിന്ന് മൂന്നു ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60000 രൂപയും മോഷണം പോയത്.
സി സി ടി വി ദൃശ്യങ്ങളിൽ പ്രതിയുടെ ചിത്രം ശേഖരിച്ച പോലീസ് മറ്റു സംസ്ഥാനങ്ങളുടെ സഹായം തേടിയിരുന്നു. ഒടുവിൽ ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്.