അടൂര്‍: വയോധികയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ ചെറുമകനെ ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റി.
കൈതപറമ്പ് തിരുവിനാല്‍ പുത്തന്‍വീട്ടില്‍ എബി മാത്യു (31) വിനെയാണ് അറസ്റ്റ് ചെയ്തത്.
98വയസുള്ള വയോധികയ്ക്ക് ആണ് മര്‍ദനമേറ്റത്. മര്‍ദനരംഗങ്ങള്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ വനിതാ കമ്മീഷനും കേസെടുത്ത് പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അറസ്റ്റ്.
എബിയെ കോടതിയില്‍ ഹാജരാക്കിയശേഷം റാന്നി താലൂക്ക് ആശുപത്രിയോടു ചേര്‍ന്ന ലഹരി വിമോചന കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.
മദ്യത്തിന് അടിമയായിരുന്ന എബി ഇതു ലഭിക്കാതെ വന്നതോടെയുള്ള മാനസിക അസ്വാസ്ഥ്യങ്ങളില് കഴിയുന്നതിനിടെയാണ് വയോധികയെ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു.
വീട്ടിലുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ഇയാളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവരെയും ആക്രമിക്കുകയായിരുന്നു. അവരിലൊരാള്‍ രംഗങ്ങള്‍ ചിത്രീകരിച്ച് ആദ്യം പോലീസിനു കൈമാറി. പിന്നീട് ഇതു സമൂഹമാധ്യമങ്ങളില്‍കൂടി വന്നതോടെയാണ് നടപടി ശക്തമാക്കിയത്.
കോവിഡ് സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കേണ്ട ഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്ന് വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.
മര്‍ദനത്തിനിരയായ തൊണ്ണൂറ്റി എട്ടുകാരിയെ വനിതാ കമ്മീഷന് സന്ദര്‍ശിച്ചു തെളിവെടുത്തു. സാഹചര്യത്തിന് അനുസരിച്ച് ആവശ്യമെങ്കില്‍ അവര്‍ക്ക് പ്രത്യേകം താമസ സൗകര്യമൊരുക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.