കൽപ്പറ്റ: സ്ഥാപക അധ്യക്ഷ സി.കെ. ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു ആറുമാസത്തേക്കു സസ്പെൻഡ് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജാനു ബിജെപിയിലെ ചില നേതാക്കൾക്കൊപ്പം ചേർന്നു പാർട്ടിയുടെ സത്പേര് കളങ്കപ്പെടുത്തുന്ന വിധത്തിൽ സാന്പത്തിക ഇടപാടുകളും വോട്ട് തിരിമറിയും നടത്തിയതായി ബോധ്യപ്പെടുകയും പാർട്ടിനിലപാടുകളെ തള്ളിപ്പറയുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നു സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴ അറിയിച്ചു.
ജാനുവിനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികൾ അന്വേഷിക്കുന്നതിനു നിയോഗിച്ച കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാനുവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നേരത്തേ മാറ്റിനിർത്തിയതാണ്.
പാർട്ടിക്കു വിധേയമാകാമെന്ന ഉറപ്പിന്റേയും മുതിർന്ന നേതാവെന്ന പരിഗണനയിലുമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്.
പാർട്ടിക്കു ഹിതകരമല്ലാത്ത നീക്കങ്ങളാണ് ജാനു തെരഞ്ഞെടുപ്പുകാലത്തു നടത്തിയതെന്നും സെക്രട്ടറി പറഞ്ഞു.
സംസ്ഥാന കമ്മിറ്റി ചേർന്നു തന്നെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തെന്ന പ്രചാരണം പരിഹാസ്യമാണെന്നു സി.കെ. ജാനു പ്രതികരിച്ചു.
പാർട്ടി സംസ്ഥാന കമ്മിറ്റി ചേരുകയോ തനിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ചിലർ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപങ്ങളിൽ കഴന്പില്ലെന്നും ജാനു പറഞ്ഞു.
മുത്തങ്ങ ഭൂസമര നായികയുമായ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ 2016ൽ രൂപീകരിച്ചതാണ് ജെആർപി.