മുംബൈ: എൽഗാർ പരിഷത്-മാവോയിസ്റ്റ് കേസിൽ പ്രതിസ്ഥാനത്തുള്ള ഡൽഹി സർവകലാശാല അസോസിയറ്റ് പ്രഫസറും മലയാളിയുമായ ഹാനി ബാബുവിനെ ജൂൺ ഒന്നുവരെ ഡിസ്ചാർജ് ചെയ്യരുതെന്നു മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിക്ക് ബോംബെ ഹൈക്കോടതി നിർദേശം നൽകി.
ഹാനി ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റീസ് എസ്.എസ്. ഷിൻഡെയും ജസ്റ്റീസ് എൻ.ആർ. ബോർകറും അടങ്ങുന്ന അവധിക്കാല ബെഞ്ച് നിർദേശിച്ചു.
ജൂൺ ഒന്നിനു മുന്പ് ഡിസ്ചാർജ് ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്നും ഉത്തരവിൽ പറയുന്നു.മുംബൈയിലെ തലോജ ജയിലിൽക്കഴിയുന്ന ഹാനി ബാബുവിന് ഈ മാസം ആദ്യമാണു കോവിഡ് ബാധിച്ചത്.
ഇതേത്തുടർന്ന് നവിമുംബൈയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ജെജെ ആശുപത്രിയിലായിരുന്നു ചികിത്സ. തുടർന്ന് മുംബൈയിലെ ജിടി ആശുപത്രിയിലേക്കു മാറ്റി.
ഇതിനു പിന്നാലെ ഭർത്താവിനു വിദഗ്ധ ചികിത്സ ആവശ്യപ്പെട്ട് ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേണ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.