മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനത്തുനിന്ന് സിനദിന്‍ സിദാന് രാജിവച്ചു. ലാ ലിഗ കിരീടപോരാട്ടത്തില്‍ അത്ലറ്റിക്കോ മാഡ്രിഡിനു പിന്നില്‍ രണ്ടാമതായതോടെയാണു സിദാന് രാജി സര്‍പ്പിച്ചത്.
റയലിനു നിരാശ നല്കിയ സീസണായിരുന്നു ഇത്. 13 തവണ യൂറോപ്യന്‍ ചാമ്പ്യന്മായ റയലിന് ഈ സീസണില്‍ ഒരു ട്രോഫിയും നേടാനായില്ല. ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ചെല്സിയോടു തോറ്റു. കഴിഞ്ഞ 11 സീസണില്‍ ആദ്യമായാണു റയലിനു കിരീടങ്ങളൊന്നുമില്ലാത്തൊരു സീസണ്.
സിദാന്റെ തീരുമാനത്തെ മാനിക്കുന്നുവെന്നും റയല്‍ മാഡ്രിഡിനോടു വര്‍ഷങ്ങളായി അദ്ദേഹം തുടര്‍ന്ന പ്രഫഷണലിസത്തോടും അര്‍പ്പണത്തോടും താത്പര്യത്തോടും എന്നും നന്ദി ഉണ്ടായിരിക്കുമെന്നും ക്ലബ് അറിയിച്ചു.
റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ബിംബങ്ങളില്‍ ഒരാളാണ് സിദാനെന്നും കോച്ചായും കളിക്കാരനായും ക്ലബ്ബിനുണ്ടാക്കിയ നേട്ടങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും ക്ലബ് അറിയിച്ചു. 2022 വരെയാണു സിദാനുമായി കരാര്‍.
ലാ ലിഗയില്‍ അത്ലറ്റിക് ബില്‍ബാവോയ്ക്കെതിരേ 1-0ന് ജയിച്ചശേഷം ഈ സീസണോടെ താന്‍ ക്ലബ് വിടുമെന്നു സിദാന് കളിക്കാരോടു പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ഇത് നിഷേധിക്കുകയും ചെയ്തു. രണ്ടാം തവണയാണ് സിദാന് റയലിന്റെ പരിശീലകസ്ഥാനം ഉപേക്ഷിക്കുന്നത്.
2016 ജനുവരിയിലാണ് സിദാന് ആദ്യമായി റയല്‍ പരിശീലകനാകുന്നത്. 2016-17ലെ ലാ ലിഗ കിരീടത്തിലേക്ക് റയലിനെ എത്തിക്കുകയും ചെയ്തു. ഈ കാലയളവില്‍ റയലിനെ ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും സിദാന് എത്തിച്ചു.
രണ്ട് ക്ലബ് ലോകകപ്പ് ഉള്‍പ്പെടെ ഇക്കാലത്ത് ഒമ്പത് ട്രോഫികളാണ് റയല്‍ സ്വന്തമാക്കിയത്. എ9ന്നാല് 2018 മേയ് 31ന് റയലിന്റെ പരിശീലകസ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്ന അപ്രതീക്ഷിത പ്രഖ്യാപനം സിദാനില്നിന്നു വന്നു.
സിദാനു പകരം റയല്‍ പുതിയതായി നിയമിച്ച പരിശീലകര്‍ക്കു മികവിലെത്താനായില്ല. ഇതോടെ 2019 മാര്‍ച്ച് 11ന് റയല്‍ സിദാനെ വീണ്ടും മുഖ്യ പരിശീലകനായി തിരിച്ചെത്തിച്ചു. ഇക്കാലത്ത് 2019-20ലെ ലാ ലിഗയും സ്പാനിഷ് സൂപ്പര്‍ കപ്പും നേടി.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസിലെത്തിയതോടെ ടീമിന്റെ മുന്നേറ്റത്തെ പുതിയതായി കെട്ടിപ്പടുക്കേണ്ടത് ആവശ്യമായി. ചെല്‍സിയില്‍നിന്ന് എഡന്‍ ഹസാര്‍ഡിനെ എത്തിച്ചു. കൂടാതെ നിരവധി യുവതാരങ്ങളുമായി റയല്‍ കരാറിലായി.
പരിക്കിനെത്തുടര്‍ന്ന് ഹസാര്‍ഡിന് സീസണിന്റെ ഭൂരിഭാഗവും നഷ്ടമായി. പുതിയതായി എത്തിയ കളിക്കാര്‍ക്ക് ക്ലബ് ഉദ്ദേശിച്ചപോലെ തിളങ്ങാനുമായില്ല. ഇതോടെ സിദാന് ടീമിലെ മുതിര്‍ന്ന താരങ്ങളെത്തന്നെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു.
2020-21 സീസണില്‍ റയല്‍ ടീമിലെ നിരവധി കളിക്കാര്‍ക്ക് പരിക്കേറ്റു. എട്ട് പേർക്കു കോവിഡ് ബാധിക്കുകയും ചെയ്തു. ഇക്കാരണങ്ങളും റയലിന്റെ പ്രകടനത്തെ ബാധിച്ചു.