ധാക്ക: ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പര ബംഗ്ലാദേശ് സ്വന്തമാക്കി ചരിത്രം കുറിച്ചു. രണ്ടാം ഏകദിനത്തിൽ സിംഗള സംഘത്തെ മഴനിയമത്തിന്റെ അടിസ്ഥാനത്തിൽ 103 റണ്‍സിനു കീഴടക്കിയാണ് ബംഗ്ല കടുവകൾ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ശ്രീലങ്കയ്ക്കെതിരേ ബംഗ്ലാദേശ് ചരിത്രത്തിൽ ആദ്യമായാണ് ഏകദിന പരന്പര സ്വന്തമാക്കുന്നത്. ആദ്യ ഏകദിനത്തിൽ ആതിഥേയർ 33 റണ്‍സിനു വെന്നിക്കൊടി പാറിച്ചിരുന്നു. പരന്പരയിലെ മൂന്നാം ഏകദിനം നാളെ നടക്കും.
എട്ടാം ഏകദിന സെഞ്ചുറി നേടിയ മുഷ്ഫിക്കർ റഹീമിന്റെ ബാറ്റിംഗ് കരുത്തിൽ ബംഗ്ലാദേശ് 48.1 ഓവറിൽ 246 റണ്‍സ് നേടി. 127 പന്തിൽ 125 റണ്‍സ് മുഷ്ഫിക്കറിന്റെ ബാറ്റിൽനിന്ന് പിറന്നു.
മഹമ്മദുള്ള 41ഉം ലിടണ്‍ ദാസ് 25ഉം റണ്‍സ് നേടി. മഴയെത്തുടർന്ന് തടസപ്പെട്ട മത്സരത്തിൽ ലങ്കയ്ക്ക് 40 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 141 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.
മുഷ്ഫിക്കർ റഹീം ആറ് ഓവറിൽ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസനും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഓൾ റൗണ്ട് മികവ് പുലർത്തിയ മുഷ്ഫിക്കറാണ് മാൻ ഓഫ് ദ മാച്ച്.