ചേർത്തല: തീരദേശ മേഖലയായ ഒറ്റമശേരിയിലെ കടലാക്രമണം തടയുന്നതിന് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി. പ്രസാദും, സജി ചെറിയാനും പറഞ്ഞു. ഇന്നലെ ഇരുവരും ഒറ്റമശേരിയിൽ കടലാക്രമണ ഭീഷണി നേരിടുന്ന കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങൾ സന്ദർശിച്ചു.
ജില്ലയിലെ കടലാക്രമണ പ്രദേശ സംരക്ഷണത്തിന് അനുവദിച്ച ഒരു കോടി രൂപയുടെ വിഹിതവും ജില്ലാ ഭരണകൂടത്തിന്റെ ഒമ്പതുലക്ഷം രൂപയും നിലവിലുണ്ട്. എന്നാൽ കടൽഭിത്തി നിർമാണത്തിന് ടെൻഡർ ചെയ്തിട്ടും കരാറുകാർ പങ്കെടുത്തില്ല. ടെന്‍ഡറില്‍ കല്ലിന്റെ വിലക്കുറവാണ് കാരണമെന്നു മനസിലാക്കുന്നു.
കല്ലിന്റെ വില വർധിപ്പിക്കുന്നതിനുള്ള ശുപാർശയുണ്ട്.ഈ കാലവർഷത്തിനു മുന്നോടിയായി കല്ലും മണൽച്ചാക്കും നിറച്ചുള്ള താൽകാലിക സംവിധാനമുണ്ടാകും. ടെട്രാപോഡ് അടക്കമുള്ള ശാശ്വത പരിഹാര സംവിധാനത്തിന് ഇറിഗേഷൻ വകുപ്പിന്റെ റിപ്പോർട്ട് തേടിയെന്നും മന്ത്രിമാർ വ്യക്തമാക്കി.
എ.എം. ആരിഫ് എംപി, എഡിഎം അലക്സ് ജോസഫ്, തഹസിൽദാർ പി.ജി. രാജേന്ദ്ര ബാബു, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനിയർ ബിനു ബേബി, പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം പി.ഐ ഹാരിസ്, നേതാക്കളായ പി.കെ. സാബു, എം.സി. സിദ്ധാർഥൻ, ടി.ടി. ജിസ്മോൻ, എൻ.പി. ഷിബു തുടങ്ങിയവരും ഉണ്ടായിരുന്നു.