കടുത്തുരുത്തി: ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കൊടും വളവുകള്‍ നിവരന്നതും പ്രതീക്ഷിച്ചുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും കാത്തിരിപ്പ് ഇനിയും വൈകും. വളവുകള്‍ നിവര്‍ത്താനുള്ള നടപടികള്‍ കടലാസിലൊതുങ്ങുകയാണ്.
സിലോണ്‍ കവലയ്ക്കു സമീപം കുറിച്ചി വളവിലും കുറുപ്പന്തറ പുളിന്തറ വളവിലുമാണ് ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. നമ്പ്യാകുളം, കളത്തൂര്‍, പുളിന്തറ, കുറുപ്പന്തറ ആറാംമൈല്‍, പട്ടാളമുക്ക്, മുട്ടുചിറ, കടുത്തുരുത്തി ഇടക്കര, ആപ്പാഞ്ചിറ, സിലോണ്‍ ജംഗ്ഷന്, കുറിച്ചി വളവ് തുടങ്ങിയ വളവുകളിലായി ഉണ്ടായ വാഹനാപകടങ്ങള്‍ എണ്ണിയാല്‍ തീരില്ല.
എതിരേ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതും അമിതവേഗവുമാണ് പലപ്പോഴും ഇവിടെ അപകട കാരണമാകുന്നത്. കോട്ടയം-എറണാകുളം റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിച്ചതിനുശേഷം ഇവിടെ അപകടങ്ങള്‍ വര്‍ധിച്ചതായാണ് പോലീസിന്റെ കണക്കുകളും വ്യക്തമാക്കുന്നത്.
മോൻസ് ജോസഫ് എംഎൽഎ നിവേദനം നൽകി
കുറുപ്പന്തറ ജംഗ്ഷന് വികസനത്തിനും പുളിന്തറ വളവ് നിവര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള വികസന ആവശ്യങ്ങള്‍ക്കും വേണ്ടി സ്ഥലം എറ്റെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ റവന്യൂ മന്ത്രി കെ.രാജന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് നിവേദനം നല്കി.
കുറുപ്പന്തറ ജംഗ്ഷന് വികസനവും അപകട വളവുകള്‍ നിവര്‍ത്തുന്നതും നടപ്പാക്കണമെങ്കില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് തന്നാല്‍ മാത്രമേ സാധ്യമാകൂയെന്ന് എംഎല്‍എ മന്ത്രിമാരെ ബോധ്യപ്പെടുത്തി.
സ്ഥലം വിട്ട് തരുന്ന വ്യക്തികള്‍ക്ക് തുക കൈമാറാന്‍ കഴിയുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും അതിര്‍ത്തി നിര്‍ണയിച്ച ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്യുന്ന പ്രധാന നടപടിയാണ് ഇനി ചെയ്യാനുള്ളതെന്ന് മോന്‍സ് ജോസഫ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനകീയ സമരം നടത്തുമെന്ന് നാട്ടുകാർ
പുളിന്തറ വളവ് നിവര്‍ത്തിയില്ലെങ്കിൽ ജനകീയ സമരം നടത്തുമെന്ന് നാട്ടുകാര്‍. പിഡബ്യുഡി വളവ് നിവര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലുകള്‍ സ്ഥാപിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ് എസ്, യൂത്ത് ഫ്രണ്ട് എം, മഞ്ഞൂര് ഗ്രാമവികസന സമതി, പൗരസമതി എന്നീ സംഘടനകള്‍ പ്രതിഷേധിച്ചു. പ്രശ്നപരിഹാരമുണ്ടാകുന്നില്ലെങ്കില്‍ സമര പരിപാടികളുമായ് മുന്നോട്ടു പോകുമെന്ന് സംയുക്ത നേതൃയോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി ജോണ്സണ് പാളിയില്‍ അധ്യക്ഷത വഹിച്ചു.