പഴഞ്ചൊല്ലിൽ പറയുന്നതുപോലെ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണ് എന്ന കാര്യം പ്രമേഹത്തിന്റെ കാര്യത്തിൽ പൂർണമായും ശരിയാണ്.
പ്രമേഹം ഉണ്ടാകാനുള്ള സാധ്യതപോലും നേരത്തേ തിരിച്ചറിയുകയും അപ്പോൾതന്നെ ശരിയായ രീതിയിലുള്ള പ്രതിവിധികൾ സ്വീകരിക്കുകയും ചെയ്യുകയാണെങ്കിൽ പ്രമേഹത്തെ പൂർണമായും അകറ്റിനിർത്താൻ കഴിയും.
ഒരുപാടു പേരിൽ മരുന്നുകൾ ഒഴിവാക്കാനും കഴിയും. ചികിത്സാനന്തര ദൂഷ്യഫലങ്ങളിൽനിന്നും മറ്റു സങ്കീർണതകളിൽനിന്നും മോചനം നേടാനും കഴിയും.
അത്ര നിസാരമല്ല
ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. പ്രമേഹരോഗികളാകാൻ സാധ്യതയുള്ളവരുടെ എണ്ണവും കൂടുതലാണ്.
ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയാണ് ഈ ദുരന്തത്തിനു കാരണം. ഹൃദയധമനീ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, കാൻസർ എന്നിവ കൂടിവരുന്നതിനും കാരണം ഈ അറിവില്ലായ്മതന്നെ.
ഇപ്പോഴും ജനങ്ങൾക്കു പ്രമേഹത്തിന്റെ ഗൗരവത്തെക്കുറിച്ചു വേണ്ടത്ര അറിവില്ല. പ്രമേഹത്തിന്റെ നേരിട്ടുള്ള ഫലമായി ആരും മരിക്കുന്നില്ലെന്നാണ് പലരും ഇപ്പോഴും വിശ്വസിക്കുന്നത്.
പ്രമേഹം ഒരുപാടു സങ്കീർണതകൾക്കും ഗുരുതരാവസ്ഥകൾക്കും കാരണമാകുമെന്നും ഇപ്പോഴും പലർക്കും അറിയില്ല. പ്രമേഹമുള്ളവരിൽ പഞ്ചസാരയുടെ നില പെട്ടെന്നു താഴുന്നതിനും രക്തസമ്മർദം ഉയരുന്നതിനുമുള്ള സാധ്യത കൂടുതലാണ്.
അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. ഹൃദ്രോഗങ്ങൾ, കാഴ്ചയ്ക്കു നാശം, വൃക്കകളുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങൾ, ധമനികൾക്കു നാശം, ചിലപ്പോൾ ചില ഭാഗങ്ങൾ മുറിച്ചുമാറ്റേണ്ടിവരുക എന്നിവയെല്ലാം ആ സങ്കീർണതകളിൽപ്പെടുന്നതാണ്.
പൊണ്ണത്തടി
പൊണ്ണത്തടി പ്രമേഹം ഉണ്ടാകാൻ കാരണമാണ്. പൊണ്ണത്തടിയുള്ളവരിൽ പ്രമേഹത്തിന്റെ സൂചനയായ രക്തത്തിലെ പഞ്ചസാരയുടെ നില അതിർവരന്പിലെത്തുന്ന സമയത്തുതന്നെ വേണ്ട പ്രതിവിധികൾ സ്വീകരിക്കണം.
പൊണ്ണത്തടി കൂടുതൽ ഉള്ളവരിൽ അങ്ങനെ അല്ലാത്തവരെ അപേക്ഷിച്ച് പ്രമേഹമുണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടിയാണ്. പൊണ്ണത്തടിയോടൊപ്പം കുടവയറുംകൂടി ഉള്ളവരിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.
പ്രായവും പാരന്പര്യവും
പ്രായം വേറൊരു ഘടകമാണ്. നാൽപത്തിയഞ്ചു വയസുകഴിയുന്പോൾ പേശികളുടെ ദൃഢത കുറഞ്ഞുവരും. ഇതും പ്രമേഹത്തിലേക്കു വഴിതുറക്കും. പാരന്പര്യവും ചില അണുബാധകളും വേറെ കാരണങ്ങളാണ്.
ശരീരം ഒട്ടും അനങ്ങാതെയുള്ള ജീവിതരീതി പ്രമേഹത്തെ ക്ഷണിച്ചുവരുത്തുന്നതാണ്. ശാരീരികമായി അധ്വാനിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാര ഉൗർജമായി ഉപയോഗിക്കപ്പെടുകയും ശരീരഭാരം കൂടാതിരിക്കുകയും ചെയ്യും.
പുതിയ അറിവുകൾ
ആഗോളതലത്തിൽ ഓരോ കൊല്ലവും ഏറ്റവും കൂടുതൽ ജനങ്ങളെ ബാധിക്കുന്ന രോഗമായിരിക്കുന്നു പ്രമേഹം. 2012-ൽ ലോകാരോഗ്യസംഘടന പറഞ്ഞത് ആഗോളതലത്തിൽ നടക്കുന്ന മരണങ്ങളിൽ ഒന്നര കോടിയും സംഭവിക്കുന്നത് പ്രമേഹ രോഗികളിലാണെന്നാണ്.
പ്രമേഹംമൂലം സംഭവിക്കുന്ന മരണങ്ങളിൽ 80 ശതമാനവും സംഭവിക്കുന്നതു മൂന്നാം ലോകരാഷ്ട്രങ്ങളിലാണെന്നും പറഞ്ഞിട്ടുണ്ട്.
ആരോഗ്യ ബോധവത്കരണപരിപാടികളും ശരിയായ രീതിയിലുള്ള പ്രതിരോധ നടപടികളും ഏറ്റവും പുതിയ അറിവുകളനുസരിച്ചുള്ള ചികിത്സയും ജനങ്ങളിൽ വേണ്ടസമയത്ത് എത്താത്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
(തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393