മട്ടന്നൂർ(കണ്ണൂർ): മാജിക്കിലൂടെ കോവിഡ് ബോധവത്ക്കരണ സന്ദേശം ജനങ്ങളിലെത്തിച്ച് ശ്രദ്ധേയനാകുകയാണ് എഎസ്ഐ.മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ടി. രാജീവനാണ് വ്യത്യസ്ത ബോധവത്ക്കരണവുമായി രംഗത്ത് വന്നത്.
ഒരാൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സ്റ്റീൽ ഗ്ലാസിനകത്തുള്ള പേപ്പറിൽ എഴുതി വരുന്ന “മൈൻഡ് റീഡിംഗ് ’ മാജിക്കാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. വീടുകളിൽ നിന്നുള്ള കോവിഡ് വ്യാപനം തടയുക എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
കോവിഡ് കാലത്ത് ഓണ്‍ലൈനിലൂടെയാണ് മാജിക് ഷോ ജനങ്ങളിലെത്തിക്കുന്നത്. ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ മാജിക്ക് വഴി സാധിക്കുമെന്നതിനാലാണ് മഹാമാരിക്കെതിരായ ബോധവത്ക്കരണത്തിന് ഈ മാർഗം തെരഞ്ഞെടുത്തതെന്ന് ടി.രാജീവൻ പറയുന്നു.
വേങ്ങാട് സ്വദേശിയായ ഇദ്ദേഹം നേരത്തെ ഹിപ്നോ മാജിക് ട്രൂപ്പിലും പ്രവർത്തിച്ചിരുന്നു. മജീഷ്യൻ അശോക് കുമാറിൽ നിന്നാണ് മാജിക് അഭ്യസിച്ചത്.