പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടി സി യുടെ ഡിപ്പോകളിൽ അന്തർദേശീയ നിലവാരമുള്ള അത്യാധുനിക ശുചി മുറികൾ സ്ഥാപിക്കും.നിലവിലുള്ള ശുചി മുറികളുടെ ശോചനീയാവസ്ഥയും പലതും ഉപയോഗശൂന്യമാണെന്നുംബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലെയും ശുചിമുറികൾ ഒരേ പ്ലാനിലും തരത്തിലുമുള്ളതായിരിക്കും .ഡിപ്പോകളിലെത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ശരിയായ രീതിയിൽ കാറ്റും വെളിച്ചവും ലഭിക്കുന്ന സ്ഥലസൗകര്യമുള്ള, സൗകര്യപ്രദമായ രീതിയിലായിരിക്കണം ശുചി മുറികൾ.
ശുചി മുറികൾ നിർമിക്കുന്നതിനുള്ള പ്ലാൻ ചീഫ് ഓഫീസിൽ തയാറാക്കി യൂണിറ്റുകൾക്ക് കൈമാറിയിട്ടുണ്ട്. സർക്കാർ അംഗീകൃത ഏജൻസികളുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റും ചിലവുകളും തയാറാക്കി ജൂൺ അഞ്ചിന് മുമ്പ് അംഗീകാരത്തിനായി ചീഫ് ഓഫീസിൽ എത്തിക്കണം.
ഇതിനായി ഡിപ്പോ എൻജിനീയർ തലത്തിലുള്ള 28 ഉദ്യോഗസ്ഥർക്ക് ചുമതല നല്കിയിട്ടുണ്ട്.ഓരോ ഉദ്യോഗസ്ഥർക്കും മൂന്നും നാലും ഡിപ്പോകളുടെ ചുമതലയാണ് കൊടുത്തിരിക്കുന്നത്.ഒരേ കെട്ടിടത്തിലാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ശുചിമുറികൾ .
സ്ത്രീകൾക്ക് മൂന്ന് കക്കൂസുകളും മറുവശത്ത് മൂന്ന് യൂറിനലും ബാത്ത് റൂമും ചേർന്നതാണ്. സാനിട്ടറി നാപ്കിൻ ഇൻസിനേറ്റർ, സാനിട്ടറി നാപ്കിൻ വെണ്ടർ എന്നീ സൗകര്യങ്ങളും വാഷ്ബേസിൻ, ടിഷ്യൂ വെണ്ടർ എന്നിവയും ഉണ്ടാകും.പുരുഷന്മാർക്ക് ഒരു വരിയിൽ മൂന്ന് കക്കൂസുകളും മറുവരിയിൽ ഒരു ബാത്ത് റൂമും മൂന്ന് യൂറിനലുകളും വാഷ്ബേസിൻ, ടിഷ്യൂ വെണ്ടർ എന്നിവയുമുണ്ടാകും.