തലശേരി: സെക്രട്ടേറിയറ്റിലും മന്ത്രി മന്ദിരങ്ങളിലും ഓഫീസുകളിലും ഒരു തവണയിൽ കൂടുതൽ എത്തുന്നവർ ഇനി മുതൽ നിരീക്ഷണത്തിലായിരിക്കും.
ഇത് സംബന്ധിച്ച് കർശനമായ നിർദേശം സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർക്കും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും സർക്കാർ നൽകിക്കഴിഞ്ഞു.
ശിപാർശകളില്ലാതെ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കപ്പെടണമെന്ന സർക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് നിർദേശം.മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ കാണാൻ എത്തുന്നവരും പ്രത്യേകം നിരീക്ഷിക്കപ്പെടും.
അസാധാരണമായ സന്ദർശനങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. പേഴ്സണൽ സ്റ്റാഫ് അംഗങ്ങളാണ് പലപ്പോഴും വിവാദങ്ങൾക്ക് തിരി കൊളുത്തിയതെന്നതിനാൽ ഇത്തവണ കനത്ത ജാഗ്രതയോടെയാണ് സ്റ്റാഫുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.
മുൻ കാലങ്ങളിൽ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം നിയമനം നടത്തുന്ന രീതി അവസാനിപ്പിച്ച് വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമാണ് ഇത്തവണ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൃത്യമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഓരോ നിയമനവും നടത്തിയിരിക്കുന്നത്.