പള്ളുരുത്തി: റെന്റ് എ ബൈക്ക് സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത സ്കൂട്ടറുമായി മുങ്ങിയ യുവതിയും യുവാവും തൃശൂരിൽ പോലീസിന്റെ പിടിയിലായി.
തൃശൂർ കുണ്ടുകാട് വെറ്റിലപ്പാറ പിണ്ടിയേടത്ത് പി.എസ്. ശ്രുതി (29), തൃശൂർ വെളുത്തൂർ കാട്ടിപ്പറമ്പ് കെ.എസ്. ശ്രീജിത്ത് (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഫെബ്രുവരി 24ന് ഫോർട്ടുകൊച്ചി ചിരട്ടപ്പാലത്ത് പ്രവർത്തിക്കുന്ന ട്രാവൽ ഇന്ത്യ ഫോർട്ട് റെന്റ് എ ബൈക്ക് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇരുവരും സ്കൂട്ടർ വാടകയ്ക്കെടുത്തത്.
തുടർന്ന് സ്കൂട്ടറുമായി പ്രതികൾ മുങ്ങുകയായിരുന്നു. സ്ഥാപന ഉടമയായ പയസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
പ്രതികൾ ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പണം കടം വാങ്ങിയും വീട്ടു വാടക നൽകാതെയും മുങ്ങുകയാണ് ഇവരുടെ രീതി. വാടകയ്ക്ക് എടുത്ത സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്.