ന്യൂഡൽഹി: ലക്ഷദ്വീപ് ജനതയുടെ സമാധാന ജീവിതത്തിനു വേണ്ടി ലക്ഷം ദീപങ്ങൾ തെളിയിച്ചു മലയാളം ട്വിറ്റർ.
ലക്ഷദ്വീപം, ലെറ്റ് ലിവ് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകളിൽ ആണ് ട്വിറ്ററിലെ മലയാളം കൂട്ടായ്മ ദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിൽ അങ്ങോളം ഇങ്ങോളം ദീപങ്ങൾ തെളിയിച്ചത്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരൻ എൻ.എസ് മാധവൻ ഉൾപ്പടെ ലക്ഷദ്വീപിന് വേണ്ടി പ്രകാശം പരത്തിയുള്ള മലയാളി മനസിന്റെ കരുതലിനു ഒപ്പം നിന്നു ദീപം തെളിയിച്ചു.
സമാധാന ജീവിതം താറുമാറായി തുടങ്ങിയതോടെ അരികിലുണ്ടെന്ന ഉറപ്പോടെ മലയാളികള്‍ ഉയര്‍ത്തി വിട്ട പ്രതികരണങ്ങള്‍ സേവ് ലക്ഷദ്വീപ്, വീ സ്റ്റാന്‍ഡ് വിത്ത് ലക്ഷദ്വീപ്, ടുഗദര്‍ വിത്ത് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകളിലുടെ ട്വിറ്ററില്‍ ഒന്നാം നിര ട്രെന്‍ഡിംഗിലേക്ക് ഉയര്‍ന്ന് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞിരുന്നു.
അതിന് പുറമേയാണ് മലയാളം ട്വിറ്റര്‍ കൂട്ടായ്മ ലക്ഷദ്വീപിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഇന്ന് ലക്ഷദ്വീപം എന്ന ഹാഷ് ടാഗോട് കൂടി പ്രകാശം പരത്തുന്ന പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുന്നത്.
ലക്ഷദ്വീപം എന്ന ഹാഷ്ടാഗും ഇന്നലെ രാത്രിയോടെ ഒരു ലക്ഷത്തിന് അടുത്ത് ട്വീറ്റുകളും ആയി ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമത് എത്തി.
ഇന്നലെ വൈകുന്നേരം ആറ് മുതല്‍ എട്ടു വരെയാണ് ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു പ്രതിഷേധ ജ്വാല തെളിയിക്കുന്ന പരിപാടിക്ക് ആഹ്വാനം ചെയ്തിരുന്നത്.
ലക്ഷദീപം, ടുഗദര്‍ വിത്ത് ലക്ഷദ്വീപ് എന്നീ ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് പ്രതിഷേധ ജ്വാലയുടെ ഭാഗമാകാന്‍ ട്വിറ്ററിലെ മലയാളി കൂട്ടായ്മകള്‍ സമൂഹ മാധ്യമങ്ങളിലെ സുമനസുകളോട് അഭ്യര്‍ഥിച്ചിരുന്നു.
മെഴുകു തിരിയോ വിളക്കോ തെളിയിച്ച ചിത്രങ്ങളോടെ ഈ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് പ്രതിഷേധ ജ്വാലയുടെ ഭാഗമാകാന്‍ ആണ് ആഹ്വാനം ചെയ്ത്.
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോട പട്ടേലിന്റെ ഏകാധിപത്യ സ്വഭാവത്തോടെയുള്ള ഭരണ മാറ്റങ്ങളും തുഗ്ലക്ക് പരിഷ്കാരങ്ങളും നിയമ ഭേദഗതികളും വിവാദമായപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
കേന്ദ്രഭരണ പ്രദേശമെങ്കിലും ലക്ഷദ്വീപിന്റെ ആശങ്കകളെയും പ്രതിഷേധങ്ങളെയും ചേര്‍ത്ത് പിടിക്കേണ്ടത് അനിവാര്യമാണെന്ന ആഹ്വാനങ്ങളോടെ ട്വിറ്ററിലെ മലയാളി ഹാന്‍ഡിലുകള്‍ വിവിധ ഹാഷ് ടാഗുകളില്‍ പ്രതിഷേധവുമായി അണി നിരന്നു.
ട്വിറ്ററിലെ പുതിയ ഫീച്ചറായ സ്പേസില്‍ ലക്ഷദ്വീപില്‍ നിന്നുള്ള യുവാക്കളെ ഉള്‍പ്പെടുത്തി തുടര്‍ച്ചയായ ചര്‍ച്ചകളും സംഘടിപ്പിച്ചു.
ഒരു പക്ഷേ, സ്പേസ് നിലവില്‍ വന്നതിന് ശേഷം മലയാളം വെര്‍ച്വല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ചര്‍ച്ചയും ലക്ഷദ്വീപ് വിഷയത്തിലായിരുന്നു.
കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന സ്പേസ് ചര്‍ച്ചയില്‍ പല സമയങ്ങളിലായി മൂന്നൂറോളം ആളുകളാണ് പങ്കെടുത്തത്. ഈ ചര്‍ച്ചകളും സംവാദങ്ങളും ഇനിയുള്ള ദിവസങ്ങളിലും തുടരും.
അധികാരികളുടെ അവഗണനകള്‍ക്ക് മീതെ ഒരു ദേശീയ വിഷയമായി ലക്ഷദ്വീപിലെ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുന്നത്.
കേരളം നേരിട്ട രണ്ടു പ്രളയ കാലങ്ങളിലും കോവിഡ് പ്രതിസന്ധി കാലത്തും അങ്ങോളമിങ്ങോളം സഹായങ്ങളെത്തിക്കാന്‍ രാപകല്‍ ഭേദമില്ലാതെ പ്രവര്‍ത്തിച്ചവരാണ് ട്വിറ്ററിലെ മലയാളി കൂട്ടായ്മകള്‍.
അനോണി ഹാന്ഡിലുകളായും അല്ലാതെയും രാജ്യത്തിനകത്തും വിദേശത്തുമുള്ള നിരവധി മലയാളികള്‍ ഈ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുണ്ട്.
കടലിനക്കരെയെങ്കിലും കാലങ്ങളായി മലയാളക്കരയോട് ചേര്‍ന്നു നില്ക്കുന്ന ലക്ഷദ്വീപിന്റെ സമാധാന ജീവിതത്തിന് വേണ്ടിയും ഇപ്പോള്‍ ഇവര്‍ ശബ്ദം ഉയര്‍ത്തി മുന്നിട്ടിറങ്ങിയിരിക്കുന്നു.
നിനച്ചിരിക്കാതെ വന്ന നിലവിളിയുടെ കാലത്ത് കടലിനക്കരെ നിന്നു വന്ന കൈത്താങ്ങിന് മലയാളം ട്വിറ്ററിലെ കൂട്ടുകാരോട് നിറഞ്ഞ മനസോടെ നന്ദി പറയുന്നുണ്ട് ലക്ഷദ്വീപിലെ ജനത.
ഓരോ ദിവസവും ഓരോ പുതിയ ഹാഷ് ടാഗുകളും ഒരുപാട് പ്രകാശം പരത്തിയാണ് മലയാളത്തിന്റെ മനസിൽ നിന്ന് ലക്ഷദ്വീപ് ജനതയുടെ പ്രതീക്ഷകളുടെ തീരത്തേക്ക് വീണ്ടും വീണ്ടും ഒഴുകി നീങ്ങുന്നത്.
സെബി മാത്യു