കുമരകം: അതിഥിത്തൊഴിലാളിയെ തേടി അഭിനന്ദന പ്രവാഹം. മനസ് നിറഞ്ഞ ആനന്ദത്തിൽ ഡൽഹി സ്വദേശി സജീർ.
ഇന്നലെ നടുറോഡിൽ നിന്നു കിട്ടിയ പണം ഉടമയ്ക്കു നൽകി അതിഥിത്തൊഴിലാളി സജീറാണ് അഭിനന്ദനം ഏറ്റു വാങ്ങുന്നത്.
കോവിഡ് മൂലം ഒരു മാസത്തിലേറെയായി ശന്പളം പോലും ലഭിക്കാത്ത അവസ്ഥയിലും വഴിയിൽ കിടന്നു കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നൽകിയ സജീറിന്റെ നല്ല മനസിനെ നാടാകെ അംഗീകരിച്ചു കഴിഞ്ഞു.
ഡൽഹിയിലുള്ള പാവപ്പെട്ട കുടുംബത്തിന്റെ ഏക അത്താണിയാണ് സജീർ. ഇന്നലെ ഉച്ചയോടെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കുമരകം ശാഖയിൽ നിന്നെടുത്ത 84, 000 രൂപയാണ് കുമരകം എസ്ബിഐ ബാങ്കിനു സമീപത്തെ റോഡിൽ വീണു നഷ്ടമായത്.
കുമരകം സ്വദേശി സജിമോൻ കരീമഠത്തിന്റെ പണമാണ് നഷ്്ടപ്പെട്ടത്. കുമരകം ജെട്ടിയിലെ ഒലീവിയ ജന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായ സജീർ കുമരകം മാർക്കറ്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്പോഴാണ് പണം കിട്ടിയത്.
പണമെടുത്ത സജീർ ആരെങ്കിലും അന്വേഷിച്ചെത്തുമോ എന്നറിയാൻ റോഡരികിൽ ഏറെ നേരം കാത്തു നിന്നു. കുറച്ചു സമയത്തിനുശേഷം പണം നഷ്ടപ്പെട്ടയാൾ കരഞ്ഞു കൊണ്ടു പണം തിരക്കിനടക്കുന്നതു കണ്ടതോടെ സജീർ വിവരങ്ങൾ അനേഷിച്ചശേഷം പണം തിരികെ നൽകുകയായിരുന്നു.
ജികെഎൻ പാടശേഖരത്തിന്റെ സെക്രട്ടറി കുടിയായ സജിമോൻ പാടശേഖരത്തിൽ മഴവീഴ്ചയുണ്ടായപ്പോൾ പണികൾ ചെയ്തതു പണം കടം വാങ്ങിയായിരുന്നു.
ഇങ്ങനെ കടം വാങ്ങിയ പണം തിരികെ നൽകുന്നതിനായി ബാങ്കിൽ നിന്നുമെടുത്ത പണമാണ് നഷ്ടപ്പെട്ടത്.