കടുത്തുരുത്തി: കോവിഡും കനത്ത മഴയും കാരണം പ്രതിസന്ധിയിലായ കപ്പ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതിനായി സംസ്ഥാന കൃഷി വകുപ്പും ക്ഷീരവികസന വകുപ്പും ഒന്നിക്കുന്നു.
കല്ലറ പഞ്ചായത്തിലെ ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്നും കപ്പ സംഭരിക്കുന്ന പദ്ധതി ആരംഭിച്ചതാണ് കല്ലറയിലെ നൂറുകണക്കിന് വരുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായത്.
കര്‍ഷകരില്‍ നിന്നും കിലോഗ്രാമിന് ഏഴ് രൂപ നിരക്കില്‍ ക്ഷീരസംഘങ്ങള്‍ കപ്പ സംഭരിച്ചു അത് ക്ഷീരകര്‍ഷകര്‍ വഴി ഗാര്‍ഹിക ആവശ്യത്തിനും കാലിത്തീറ്റയായും വില്‍പ്പന നടത്തുന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.
കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ കൃഷി ഓഫീസര്‍ ആന്റണി കെ.ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ക്ഷീരവികസന വകുപ്പ് ടെക്നിക്കല്‍ ഓഫീസര്‍ കെ.ജയലക്ഷ്മി ആദ്യവില്‍പ്പന നടത്തി.
ചടങ്ങില്‍ കടുത്തുരുത്തി ക്ഷീരവികസന ഓഫീസര്‍ കെ.പി. സതീഷ്കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബാബുരാജ്, ക്ഷീരസംഘം ഭാരവാഹികളായ സാബു നരിക്കുഴി, എന്‍.വേണുഗോപാല്‍, എം.ജി. ഫിലേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.