കോഴിക്കോട്: സ്വര്‍ണാഭരണ കവര്‍ച്ചാ കേസിലെ പ്രതിയെ മുംബൈയിലെത്തി പിടികൂടി. രാജസ്ഥാന് സ്വദേശിയായ പര്‍വീണ്‍ സിംഗിനെയാണ് കോഴിക്കോട് കസബ പോലീസ് ഇന്‍സ്പക്ടര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം പിടികൂടിയത്. 160 ഗ്രാം സ്വര്‍ണവും അന്വേഷണസംഘം കണ്ടെത്തി.
കോവിഡ് വ്യാപനത്തിനിടെ കഴിഞ്ഞ ദിവസമാണ് സിഐയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം കോഴിക്കോട്ടുനിന്ന് മുംബൈയിലേക്ക് തിരിച്ചത്. കേസില്‍ രണ്ടു പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്നാംപ്രതി പര്‍വീണ്‍ സിംഗിനെ കുറിച്ച് വിവരം ലഭിച്ചത്.
കൂടാതെ അവശേഷിക്കുന്ന സ്വര്‍ണാഭരണം ഇയാളുടെ കൈവശമുണ്ടെന്നും പോലീസിന് വ്യക്തമായി. ഇതേതത്തുടര്ന്നാണ് സിഐയും സംഘവും മുംബൈയിലേക്ക് പുറപ്പെട്ടത്.ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കല്ലായിലുള്ള സ്വര്‍ണ വ്യാപാരിയുടെ ഫ്ളാറ്റില്‍നിന്ന് പത്ത് കിലോയിലധികം സ്വര്‍ണമാണ് കവര്‍ന്നത്.
സ്വര്ണവ്യാപരിക്കൊപ്പമുള്ള ജീവനക്കാരനായ രാജസ്ഥാന് സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഫ്ളാറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തുവെന്നായിരുന്നു പരാതി. പരിക്കേറ്റ ജിതേന്ദ്രസിംഗ് ആശുപത്രിയില്‍ ഐസിയുവിലായത് പോലീസിന്റെ പ്രാരംഭ അന്വേഷണത്തെ സാരമായി ബാധിച്ചു.
ഇതിനിടയില്‍ പോലീസ് സംഭവസ്ഥലത്ത് സിസിടിവി കളും മറ്റും പരിശോധിച്ചതില്‍ ആസൂത്രിതമായിട്ടാണ്കവര്ച്ച നടത്തിയതെന്ന് മനസിലായി.തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നിര്‍ദേശപ്രകാരം കസബ സിഐ ഷാജഹാന്റെ നേതൃത്വത്തില്‍ സിറ്റിയിലെ ഡാന്‍ സാഫ് അംഗങ്ങ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
ശാസ്ത്രീയ പരിശോധനകളുടെയും പരിസര പ്രദേശങ്ങളിലെ സിസിടിവി കാമറകളുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ പരിക്കറ്റ ജീവനക്കാരന് കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് വ്യക്തമായി. മൂന്ന് രാജസ്ഥാന് സ്വദേശികള്‍ ആണ് കവര്ച്ചയ്ക്കുണ്ടായിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
കവര്‍ച്ചക്കായി കൂട്ടുപ്രതികളായ രാജസ്ഥാന് സ്വദേശികളായ പങ്കജ് സിംഗ് രജപുത്, പര്‍വീണ്‍ സിംഗ് എന്നിവരെ ഫ്ളാറ്റിന് സമീപത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിക്കുകയായിരുന്നു.
കവര്‍ച്ച നടത്തിയ ശേഷം പ്രതികളെ സുരക്ഷിതരായി തിരച്ചയച്ച ശേഷം ജിതേന്ദ്ര സിംഗ് പോലീസിനെയും മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്വന്തം ശരീരത്തില്‍ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കുകയായിരുന്നു.
മറ്റു പ്രതികളെ തിരിച്ചറിഞ്ഞതോടെ അന്വേഷണസംഘം രാജസ്ഥാനിലും മുബൈയിലും ഗോവയിലും അന്വേഷിച്ച് പങ്കജ് സിംഗ് രജപുതിനെ പിടികൂടുകയായിരുന്നു. എന്നാല്‍ പര്‍വീണിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.