ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞയാളിന്റെ മൊബൈൽ ഫോണ് മോഷണം പോയ സംഭവത്തിൽ അധികൃതരും പോലീസും കൈയൊഴിഞ്ഞതായി പരാതിക്കാർ.
സംഭവത്തിൽ മെഡിക്കൽ കോളജ് ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. എന്നാൽ മരിച്ച രോഗിയുടെ മൊബൈൽ ഫോണ് മോഷ്ടിച്ചത് ഗൗരവപൂർവം കാണണമെന്നും പ്രതിക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.
ആശുപത്രി അധികൃതർ മൗനം പാലിച്ചതിനെത്തുർന്നു മെഡിക്കൽ കോളജ് പോലീസിനോടും ബന്ധപ്പെട്ടെങ്കിലും അവിടെയും അനുകൂല സമീപനമല്ലായിരുന്നെന്നു പരാതിക്കാർ പറയുന്നു. കഴിഞ്ഞ 17-ന് കോവിഡ് ബാധിച്ചു മരണപ്പെട്ട് സംക്രാന്തി സ്വദേശിയുടെ 13,000 രൂപാ വിലമതിക്കുന്ന മൊബൈൽ ഫോണാണ് ഐസിയുവിൽ നിന്നു മോഷണം പോയത്.
കോലോട്ടന്പലം കരിപ്പ റോഡിലെ കലിങ്കിനടയിൽ നിന്നു പ്രദേശവാസിയായ കൗമാരക്കാരനു ലഭിച്ച ഫോണ് ബന്ധുക്കൾക്കു തിരികെ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു രോഗിയുടെ ബന്ധുക്കളുടെ പരാതിയിൽ ആശുപത്രി അധികൃതരുടെ അന്വേഷണത്തിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.
രോഗി മരണ മടഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും ആശുപത്രി അധികൃതർ ചോദ്യം ചെയ്തപ്പോഴാണ് മോഷണ സംഭവം വെളിപ്പെട്ടത്.
ആശുപത്രിയിൽ മരണപ്പെടുന്ന പല രോഗികളുടെ വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടതു സംബന്ധിച്ചു നിരവധി ആരോപണങ്ങൾ ഇതിനോടകം മെഡിക്കൽ കോളജ് ജീവനക്കാർക്കെതിരേ ഉയർന്നിട്ടുണ്ട്.