മറയൂർ: കോവിഡ് ബാധിച്ച് വനത്തിനുള്ളിലെ പാളപ്പെട്ടി കുടിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ കോവിഡ് രോഗിക്ക് രക്ഷയായത് കാന്തല്ലൂരിലെ പഞ്ചായത്ത് അഗങ്ങൾ.
കോവിഡ് ബാധിച്ചവർ വനത്തിനുള്ളിൽനിന്നു പുറത്തുവരാതെ കഴിയുന്നതറിഞ്ഞ് ബോധവത്കരണത്തിനായി എത്തിയപ്പോഴാണ് അവശനിലയിൽ കഴിയുന്ന യുവതിയെ കണ്ടത്.
അഞ്ചു കിലോമീറ്റർ കാട്ടിനുള്ളിലെ ഒറ്റയടിപ്പാതയിലൂടെ നടന്നുവേണം വാഹനസൗകര്യമുള്ള സ്ഥലത്തെത്താൻ.
നിൽക്കാൻപോലും കഴിയാതെ അവശനിലയിലായിരുന്ന രോഗിയെ കോളനിയിലെതന്നെ യുവാക്കളുടെ സഹായത്തോടെ ബൈക്കിൽ രോഗിയെ നടുക്കിരുത്തിയാണ് കൊടുംവനത്തിൽനിന്നു പുറത്തെത്തിച്ചത്.
പിന്നീട് മറയൂർ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സ്നേഹവണ്ടിയിൽ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ആദിവാസി മേഖലയിൽ കോവിഡ് രൂക്ഷമായി പടർന്നുപിടിച്ചിട്ടും പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥരോ വനംവകുപ്പ് ജീവനക്കാരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
സന്നദ്ധ പ്രവർത്തകർക്ക് ബോധവത്കരണം നടത്താൻപോലും അനുമതി നിഷേധിച്ച മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന്റെ നടപടിയാണ് ആദിവാസികൾ കോവിഡ് ചികിത്സയോടും വാക്സിനേഷനോടും മുഖംതിരിക്കാൻ കാരണം.
കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കാർത്യായനി, രാമലക്ഷ്മി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി മുനിരാജ് എന്നിവരുടെ അവസരോചിത പ്രവർത്തനത്തിന്റെ ഫലമായാ ണ് അതീവ ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചത്.