ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ മാത്രം മരിച്ചത് 414 വൈദികരും കന്യാസ്ത്രീമാരും.
മരിച്ചവരിൽ 90 ശതമാനവും കഴിഞ്ഞ മാസവും ഈ മാസവുമാണെന്നു പേരും വിശദാംശങ്ങളും അടങ്ങിയ പട്ടിക തയാറാക്കിയ ഇന്ത്യൻ കറന്റ്സ് എഡിറ്റർ ഫാ. സുരേഷ് മാത്യു ഒഎഫ്എം പറഞ്ഞു.
മരിച്ചവരിൽ 210 കന്യാസ്ത്രീമാരും 204 വൈദികരുമുണ്ട്. വിവിധ സന്യാസസഭകളിലെ അംഗങ്ങളും മരിച്ചവരിൽ ഉൾപ്പെടുന്നു.
അടുത്തിടെ മരിച്ചവരിൽ നിരവധിപ്പേർ താരതമ്യേന ചെറുപ്പക്കാരുമാണ്. കോവിഡ് രോഗികൾക്ക് ആശ്വാസം എത്തിക്കുന്പോഴും വിവിധ ശുശ്രൂഷകൾക്കുമായി കൂടുതൽപേരുമായി ഇടപഴകേണ്ടി വരുന്നതാണ് ഇവർക്കി ടയിൽ മരണം കൂടിയതിനു കാരണമെന്നാണു വിലയിരുത്തൽ.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ കത്തോലിക്കാ സഭയിലെ എല്ലാ റീത്തുകളിലും മരിച്ച വൈദികരുടെയും സിസ്റ്റേഴ്സിന്റെ പേരും വിലാസവും വയസും സന്ന്യാസ സമൂഹവും തിരിച്ചുള്ള വിശദമായ പട്ടിക തയാറാക്കിയിട്ടുണ്ട്.
കോവിഡ് മൂലം അടുത്തിടെ മരിച്ച സന്യാസികൾ, സന്യാസിനികൾ എന്നിവരുടെ പട്ടിക തയാറാക്കിയപ്പോഴാണു കഴിഞ്ഞ 50 ദിവസത്തിലെ മരണനിരക്കിൽ ഭീതിദമായ വർധനയുണ്ടായതായി കണ്ടെത്തിയത്.
നാല്പതുകളിലും അന്പതുകളിലുമുള്ള നിരവധി പേരും മരണത്തിനു കീഴടങ്ങി. കോവിഡു മൂലം ചികിത്സയിൽ കഴിയുന്ന സന്യാസികളും സന്യാസിനികളും വേറെയുമുണ്ട്.
ഡൽഹി ഗുഡ്ഗാവിലെ സീറോ മലങ്കര സഭാ ബിഷപ് ജേക്കബ് മാർ ബർണബാസ് കഴിഞ്ഞ ഒരു മാസത്തിലേറെയായി വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കോവിഡിനെതിരേ കൂടുതൽ ജാഗ്രത വേണമെന്നതിന്റെ തെളിവാണിതെന്നു ഫാ. സുരേഷ് പറഞ്ഞു.