മുംബൈ: കോവിഡ് രണ്ടാം തരംഗത്തെയും തോൽപ്പിച്ച് ധാരാവി. പ്രതിദിന കേസുകൾ അഞ്ചിൽ താഴെ എന്ന നിലയിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി.
ഏപ്രിലിൽ പ്രതിദിന കേസുകൾ 99 വരെ ഉയർന്നിരുന്നു. ധാരാവി മോഡലും ഊർജിത വാക്സിനേഷനുമാണു കോവിഡിനെ പിടിച്ചുകെട്ടാൻ സഹായകമായത്.
50 പേർ മാത്രമാണു ധാരാവിയിൽ ചികിത്സയിലുള്ളത്. ഇതുവരെ രോഗം ബാധിച്ച 6802 പേരിൽ 6398 പേർ രോഗമുക്തരായി. 354 പേർ മരിച്ചു.
ഇതിൽ 42 പേർ ഫെബ്രുവരിക്കു ശേഷമാണു മരിച്ചത്. അതേസമയം, ധാരാവിക്കു സമീപമുള്ള ദാദറിൽ 204ഉം മാഹിമിൽ 254ഉം പ്രതിദിന കേസുകളാണു റിപ്പോർട്ട് ചെയ്യുന്നത്.
2020 ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.
ട്രേസിംഗ്, ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നിങ്ങനെ നാലു പദ്ധതികളാണ് ധാരാവിയിൽ കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ സഹായിച്ചത്. ലോകാരോഗ്യ സംഘടനയുടെ പോലും പ്രശംസ പിടിച്ചുപറ്റിയതാണ് ധാരാവി മോഡൽ.
രോഗലക്ഷണങ്ങളുള്ള വ്യക്തികളുടെ വീടുകൾ തോറുമുള്ള പരിശോധന, മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ധാരാവിക്കാരെ കൃത്യമായി നിരീക്ഷിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്യുക,
ധാരാവിയിലെ താമസക്കാരെ പതിവായി പരിശോധിക്കുക, ഡെലിവറി തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ എന്നിവരെ പരിശോധിക്കുക തുടങ്ങി കാര്യങ്ങൾ കോവിഡ് വ്യാപനം കുറയ്ക്കുന്നതിനു വളരെയധികം സഹായിച്ചതായി ജിനോർത്ത് വാർഡ് അസിസ്റ്റന്റ് മുനിസിപ്പൽ കമ്മീഷണൽ കിരൺ ദിഘവ്കർ പറഞ്ഞു.
6.5 ലക്ഷം ജനം തിങ്ങിപ്പാർക്കുന്ന ചേരിയാണ് ധാരാവി. ഒരു ചതുരശ്ര കിലോമീറ്ററിൽ കഴിയുന്നത് 2.27 ലക്ഷം പേർ! പത്തടി നീളവും പത്തടി വീതിയുമുള്ള വീടുകളിൽ എട്ടും പത്തും പേർ കഴിയുന്നു.
ധാരാവിയിൽ സാമൂഹിക അകലം പാലിക്കുകയെന്നത് പ്രയാസമേറിയ കാര്യമാണ്. നൂറുകണക്കിനു കൊച്ചുവീടുകൾ കൂടാതെ നിരവധി ചെറുകിട ലെതർ, ടെക്സ്റ്റൈൽ നിർമാണ യൂണിറ്റുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ധാരാവിയിൽ ജിഎസ്ടി രജിസ്ട്രേഷനുള്ള 5000 സ്ഥാപനങ്ങളുണ്ട്. 15,000 ഒറ്റമുറി ഫാക്ടറികൾ പ്രവർത്തിക്കുന്നു.