തിരുവനന്തപുരം: ലക്ഷദ്വീപുകാരുടെ ഉപജീവനം സംരക്ഷിക്കണമെന്നും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെ നീക്കണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപിൽ കാവി അജണ്ട അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോർപ്പറേറ്റ് താൽപര്യങ്ങളും ദ്വീപിന് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും ദ്വീപ് വാസികളുടെ ഉപജീവന മാർഗം തകർക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോവധ നിരോധനം എന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ ദ്വീപിൽ നടപ്പാക്കുകയാണ്. ദ്വീപ് ജനതയുടെ ജീവിതം തകർക്കാൻ ശ്രമം നടക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ അധികാരം എടുത്ത് കളഞ്ഞ് ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.
കേന്ദ്രത്തിന്റെ താൽപര്യങ്ങൾ ഉദ്യോഗസ്ഥനിലൂടെ നടപ്പാക്കുകയാണ്. തെങ്ങുകളില് പോലും കാവി നിറം പൂശുന്നു.
രണ്ട് കുട്ടികളിൽ അധികം ഉള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്നത് കേട്ടു കേൾവി ഇല്ലാത്ത പരാമർശമാണ്. ലക്ഷദ്വീപിൽ നടക്കുന്നത് കോളോണിയൽ കാലത്തെ വെല്ലുന്ന നടപടികളാണ്.
ലക്ഷദ്വീപിന്റെ ഭാവി ഇരുൾ അടഞ്ഞു പോകും വിധം ഉള്ള പരിഷ്ക്കാരങ്ങളാണ് നടക്കുന്നത്. സംഘപരിവാർ അജണ്ടയുടെ പരീക്ഷണശാലയാണ് ദ്വീപെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു കൊണ്ടു പറഞ്ഞു.
സംഘ പരിവാർ താൽപര്യം സംരക്ഷിക്കുന്നു എന്ന് പ്രമേയത്തിൽ എടുത്തു പറയണം എന്ന ഭേദഗതി മുസ്ലിംലീഗ് നിർദേശിച്ചു. അഡ്മിനിസ്ട്രേറ്ററുടെ മുഴുവൻ ഉത്തരവും റദ്ദാക്കണമെന്ന് ഉൾപ്പെടുത്തണം എന്നും ലീഗ് ആവശ്യപ്പെട്ടു.
എൻ. ഷംസുദീൻ എംഎൽഎയാണ് ഭേദഗതി നിർദ്ദേശിച്ചത്. ടിബറ്റിൽ ചൈനയുടെ അധിനിവേശത്തിനു സമാനം ആണ് ലക്ഷദ്വീപിൽ നടക്കുന്നത് എന്ന ഭേദഗതി പി.ടി തോമസ് നിർദേശിച്ചെങ്കിലും ഇത് പ്രമേയത്തിൽ ഉൾപ്പെടുത്തിയില്ല.
കേന്ദ്രത്തെ കൃത്യമായി വിമർശിക്കണം എന്നും പി ടി തോമസ് ആവശ്യപ്പെട്ടു. കേന്ദ്രത്തെ പേരെടുത്തു വിമർശിക്കണം എന്ന ഭേദഗതി കോൺഗ്രസും ലീഗും നിർദേശിച്ചു.
ദ്വീപ് നിവാസികളുടെ ജീവിക്കാനുള്ള അവകാശം പുതിയ പരിഷ്കാരങ്ങളോടെ ഇല്ലാതാക്കുന്നുവെന്നും ഉപജീവന മാർഗ്ഗം തന്നെ ഇല്ലാതാക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ജീവിക്കാനുള്ള അവകാശം എന്ന ഭരണഘടനയുടെ അവകാശലംഘനമാണ് ഇത്. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ കൊണ്ട് വന്ന ജനസംഘ്യ നിയന്ത്രണ നിയമത്തെ അറബിക്കടലിൽ എറിയണം.
ലക്ഷദ്വീപിൽ നടക്കുന്നത് സംഘ പരിവാർ അജണ്ടയാണെന്നും പ്രതിഷേധ കടൽ തീർത്ത് കേരളം പ്രതിരോധം തീർക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ദ്വീപ് ജനതയെ ജനിച്ച മണ്ണിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഇ. ചന്ദ്രശേഖരൻ ആരോപിച്ചു. ഇന്നലെ കാഷ്മീർ, ഇന്ന് ദ്വീപ്, നാളെ കേരളംഎന്ന രീതിയിലാണ് ആണ് കേന്ദ്രം അജണ്ട നടപ്പാക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾ റദ്ദാക്കണമെന്ന ലീഗിന്റെ ഭേദഗതി അംഗീകരിച്ചു കൊണ്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി.
ചരോമപചാരത്തോടെയാണ് സഭ ആരംഭിച്ചത്. അന്തരിച്ച മുൻ ഗവർണർ ആർ എൽ ഭാട്ടിയ, ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിലെ അംഗവും കേരളത്തിലെ ആദ്യ വനിതാ മന്ത്രിയുമായ കെ.ആർ. ഗൗരിയമ്മ, കേരള കോൺഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണപിള്ള എന്നിവർക്ക് സഭ ചരമോപചാരമർപ്പിച്ചു.