ലോക സാഹിത്യത്തിലെ അതിബുദ്ധിമാനായ കുറ്റാന്വേഷകനായിരുന്നു ഇതിഹാസ കഥാപാത്രമായ ഷെര്‍ലക് ഹോംസ്.
നൂറ്റാണ്ട് പിന്നിട്ടിട്ടും പുതുമയും ഉദ്വേഗവും ഒട്ടും കുറയാതെ നില്‍ക്കുന്നതാണ് ഷെര്‍ലക് ഹോംസിന്റെ ജനപ്രീതി. മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ഷെര്‍ലക് ഹോംസിനേക്കാളും മുകളില്‍ സൂക്ഷ്മ ബുദ്ധിയും ശാസ്ത്രീയവുമായ നിരീക്ഷണങ്ങളും അപഗ്രഥനങ്ങളും കൊണ്ട് കൊലപാതകങ്ങളുടെ പിന്നിലെ സത്യം തെളിയിച്ചു വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമുണ്ട്. സിബിഐയിലെ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍.
താരരാജാവ് മമ്മൂട്ടിയുടെ കിരീടത്തിലെ പൊന്‍കിരീടം കൂടിയാണ് സേതുരാമയ്യര്‍. കഴിഞ്ഞ 33 വര്‍ഷമായി മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇടം നേടിയ സേതുരാമയ്യർ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്കെത്താനൊരുങ്ങുകയാണ്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാകും സിബിഐ സിരീസ് അഞ്ചാം പതിപ്പും എത്തുന്നതോടെ സംഭവിക്കുന്നത്. ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങളിലും നായകനും സംവിധായകനും തിരക്കഥാകൃത്തും മാറുന്നില്ല.
എസ്.എൻ. സ്വാമിയും കെ. മധുവും
ത്രില്ലര്‍ സിനിമകളുടെ തോഴന് എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധുവാണ് മുമ്പിറങ്ങിയ നാലുപതിപ്പും സംവിധാനം ചെയ്തത്. മമ്മൂട്ടി വീണ്ടും സേതുരാമയ്യരായെത്തുമ്പോള് സഹപ്രവര്‍ത്തകനായ ചാക്കോയായി മുകേഷും ഒപ്പമെത്തുന്നുണ്ട്.
ഓരോ സീസണിലും വ്യത്യസ്തതയും പുതുമയുള്ള അന്വേഷണ ഇടങ്ങളിലായിരുന്നു ഈ സിബിഐ സംഘം എത്തിയിരുന്നത്. പുതിയ പതിപ്പൊരുങ്ങുമ്പോള് നിരവധി പുതിയ താരങ്ങളും ചിത്രത്തിനന്റെ ഭാഗമാകുന്നുണ്ട്.
ആശ ശരത്ത്, സൗബിന് ഷാഹിര്‍, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
1988-ൽ തുടക്കം
മമ്മൂട്ടി സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരായി ആദ്യം എത്തിയത് 1988ല്‍ റിലീസായ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ്. പിന്നീട് 1989ല്‍ ജാഗ്രത, 2004ല്‍ സേതുരാമയ്യര്‍ സിബിഐ, 2005ല്‍ നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളും തുടര്‍ചിത്രങ്ങളായി എത്തി. വീണ്ടും 15 വര്‍ഷങ്ങള്‍ക്കു ശേഷം സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണ് ഇനിയൊരുങ്ങുന്നത്.
ശാസ്ത്രത്തിന്റെ പുരോഗതി ജീവിതത്തിന്റെ എല്ലാം മേഖലകളിലും സ്വാധീനിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിലും അതു പ്രതിഫലിക്കും. മലയാളത്തിലെ ഒരു സിനിമയിലും കാണിക്കാത്ത ശാസ്ത്രമായിരിക്കും പുതിയ പതിപ്പിലുണ്ടാവുക എന്നു തിരക്കഥാകൃത്തായ എസ്.എന്‍. സ്വാമി പറയുന്നു.
ഒരു സിനിമയുടെ തുടര്‍ച്ചകള്‍ ഉണ്ടാക്കുന്നത് സിനിമാ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. മുമ്പിറങ്ങിയ ഭാഗങ്ങളുമായി യാതൊരു ബന്ധവും തോന്നുവാന്‍ പാടില്ലെന്നതാണ് വെല്ലുവിളി. സിബിഐ സീരീസില്‍ കഥാപാത്രങ്ങള്‍ മാത്രമാണ് വീണ്ടുമെത്തുന്നത്. കേസും അന്വേഷണവും അന്വേഷണ ഇടങ്ങളും പശ്ചാത്തലവുമെല്ലാം ഓരോ തവണയും മാറിക്കൊണ്ടിരുന്നു.
ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം അഞ്ചാം ഭാഗം നിര്‍മിക്കുന്നത് മലയാളത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ സ്വര്‍ഗചിത്ര അപ്പച്ചനാണ്.
ലോക്ഡൗണിനു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വവും മറ്റൊരു ചിത്രവും പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും മമ്മൂട്ടി സേതുരാമയ്യര്‍ സീരീസിലേക്കെത്തുന്നത്. ചിങ്ങം ഒന്നിനു ചിത്രീകരണം തുടങ്ങും. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളാണ് ലൊക്കേഷൻ.
സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിനൊപ്പം തന്നെ ഹിറ്റായതാണ് ചിത്രത്തിലെ തീം മ്യൂസിക്കും. സംഗീത സംവിധായകന് ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതം ഇന്നും ജനപ്രീതിയില്‍ മുന്നിലാണ്. ഇക്കുറി പുതിയ പതിപ്പിനു സംഗീതമൊരുക്കുന്നത് യുവ സംഗീതജ്ഞൻ ജേക്സ് ബിജോയ് ആണ്. പ്രായത്തിന്റെ വിഷമതകള്‍ കാരണമാണ് ശ്യാം പുതിയ ചിത്രത്തിന്റെ ഭാഗമാകാത്തത്.