ചാത്തന്നൂർ: കുരീപ്പള്ളിയിലെ പെട്രോൾ ബോംബാക്രമണക്കേസ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിനിമാ താരം പ്രിയങ്കയെ ഇന്ന് ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കുഞ്ഞിന്റെ അസുഖം മൂലം പ്രിയങ്ക സാവകാശം ചോദിച്ചിരുന്നു.
എറണാകുളത്ത് താമസിക്കുന്ന പ്രിയങ്ക ഇന്ന് ഉച്ചയോടെ ചാത്തന്നൂർ എ സി പി വൈ .നിസാമുദീന്റെ മുമ്പാകെ ഹാജരാകും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലെ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി എസ് ജെ പി ) യുടെ സ്ഥാനാർത്ഥിയായി പ്രിയങ്ക മത്സരിച്ചിരുന്നു. ഡി എസ് ജെ പി സ്ഥാനാർത്ഥിയായാണ് ഷിജു വർഗ്ഗീസ് കുണ്ടറയിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ മത്സരിച്ചത്.
ഡി എസ് ജെ പി യുടെ സ്ഥാനാർത്ഥികളെയും ഭാരവാഹികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
പെട്രോൾ ബോംബാക്രമണ കേസ്സി ലെ പ്രതിയായ ഷിജു വർഗ്ഗീസിനെതിരെ സമഗ്രമായ അന്വേഷണമാണ് പ്രത്യേക സംഘം നടത്തുന്നത്.
തിരഞ്ഞെടുപ്പു ദിവസമാണ് കുരീപ്പള്ളിയിൽപെട്രോൾ ബോംബാക്രമണം ഉണ്ടായത്.പെട്രോൾ ബോംബാക്രമണത്തിന്റെ ഗൂഢാലോചന നടന്നത് കൊച്ചി പാലാരിവട്ടത്തെ ജുവൽ എന്ന ഫ്ലാറ്റിൽ വച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യപ്പെടാനുള്ള ദല്ലാൾ നന്ദകുമാർ, തുടങ്ങി നിരവധി പേർ കോവിഡ് പ്രതിസന്ധിയിൽപ്പെട്ടതിനാലാണ് അന്വേഷണം നീണ്ടു പോകുന്നതെന്ന് അന്വേഷണ സംഘത്തലവൻ ചാത്തന്നൂർ എ സി പി വൈ .നിസാമുദീൻ പറഞ്ഞു.