കുമരകം: കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗർഭിണി മരിച്ചു.ചീപ്പുങ്കൽ ബിനേഷ് ഭവനിൽ വിനോദിന്റെ ഭാര്യ സബിത (34)യാണ് മരിച്ചത്.
രണ്ടാഴ്ചയായി കോവിഡ് ബാധിച്ചു മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രീയാ വിഭാഗത്തിൽ കഴിയുകയായിരുന്നു.
അഞ്ചുമാസം ഗർഭിണിയായിരുന്നതിനാൽ പ്രത്യേക പരിചരണം നൽകിയിരുന്നുവെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് ആരോഗ്യനില മോശമാവുകയായിരുന്നു.
രാത്രി എട്ടിന് മരിച്ചു. തുടർന്നു രാത്രി തന്നെ വീട്ടുവളപ്പിൽ കോവിഡ് മാനദണ്ഡം പാലിച്ച് സംസ്കരിച്ചു മകൾ: ആദി മോൾ, വെച്ചൂർ ദേവിവിലാസം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
ബ്ലാക്ക് ഫംഗസ് ബാധിച്ച വീട്ടമ്മയും മരിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന പത്തനംതിട്ട സ്വദേശിനിയായ വീട്ടമ്മ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു.
പത്തനംതിട്ട കോട്ടവിളയിൽ അലക്സാണ്ടറിന്റെ ഭാര്യ റാണി അലക്സാണ്ടറാണ്(59) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇവർ ന്യൂഡൽഹിയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. കോവിഡ് വന്നതിനു ചികിത്സയിലായിരുന്നു. മേയ് രണ്ടാവാരം കോവിഡ് വിമുക്തയായെങ്കിലും പിന്നീട് കണ്ണു വേദന അനുഭവപ്പെട്ടു.
കുറവുണ്ടാകാതിരുന്നതിനെത്തുടർന്ന് 21-ന് നാട്ടിലെത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തുടർന്നു തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 28-ന് ആരോഗ്യനില മോശമായതിനെ തുടർന്നു പകർച്ചവ്യാധി വിഭാഗത്തിലേക്കു മാറ്റിയെങ്കിലും 29-ന് പുലർച്ചെ മരിച്ചു. മൃതദേഹം മോർച്ചറിയിൽ.
സംസ്കാരം പോർച്ചുഗലിൽനിന്ന് ഭർത്താവ് അലക്സാണ്ടർ എത്തിയ ശേഷം. മക്കൾ: എയ്ഞ്ചല അലക്സാണ്ടർ, ജോർജി അലക്സാണ്ടർ.